മലപ്പുറം: മലപ്പുറം ഫുട്ബോൾ ക്ലബിന്റെ ഏറ്റവും പുതിയ വിദേശ സൈനിംഗായ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണക്ക് ഗംഭീര സ്വീകരണം നൽകി എംഎഫ്സിയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ അൾട്രാസ്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി ഒരു മണിയോടെ പുറത്തിറങ്ങിയ താരത്തെ കാത്ത് 80ഓളം ആരാധകരാണ് മലപ്പുറത്ത് നിന്നും ബസ്സ് കയറിയെത്തിയത്.
സ്വാഗതം ചെയ്ത് കൊണ്ടുള്ള ബാനറിനു പിന്നിൽ എല്ലാവരും അണിനിരന്ന് കൊണ്ട് കൈയ്യടികളോടെയും ഉച്ചത്തിലുള്ള ചാന്റുകളോടെയുമാണ്
റോയ് കൃഷ്ണയെ ആരാധകർ വരവേറ്റത്. താരത്തിന് അൾട്രാസ് അംഗങ്ങൾ സ്കാർഫും മൊമെന്റോയും സമ്മാനമായി നൽകി. വൈകിയ വേളയിലും എംഎഫ്സി ഫാൻസിന് റോയ് കൃഷ്ണയോടുള്ള അളവറ്റ ആരാധനയും സ്നേഹവുമാണ് എയർപോർട്ടിൽ കാണാൻ കഴിഞ്ഞത്.
അടുത്ത ദിവസം തന്നെ റോയ് കൃഷ്ണ ടീമിന്റെ കൂടെ പരിശീലനത്തിനിറങ്ങുമെന്ന് ടീം പ്രധിനിധികൾ പറഞ്ഞു. ഇതോടെ എല്ലാ വിദേശതാരങ്ങളും ടീമിൽ ജോയിൻ ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മലപ്പുറം എഫ്സി പരിശീലനം നടത്തുന്നത്.
Content Highlights- MFC fans Warm welcome to Roy Krishna