സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഈ വർഷം അവസാനത്തോടെ ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. താരവുമായുള്ള കരാർ പുതുക്കാൻ ബാഴ്സ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ലെന്നാണ് സൂചനകൾ. അടുത്ത വർഷം ജൂൺ 30 വരെയാണ് ലെവൻഡോവ്സ്കിയും ബാഴ്സയും തമ്മിലുള്ള കരാറുള്ളത്.
2022 മുതൽ ലെവൻഡോവ്സ്കി ബാഴ്സലോണയുടെ താരമാണ്. ഇക്കാലമത്രയും ബാഴ്സലോണയുടെ ഒന്നാം ചോയ്സ് സ്ട്രൈക്കർ ആരെന്ന് ചോദിച്ചാൽ ലെവൻഡോവ്സ്കി എന്ന ഒറ്റ ഉത്തരം മാത്രമാണ് ബാഴ്സയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ 37കാരനായ താരത്തിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണിപ്പോൾ സ്പാനിഷ് വമ്പന്മാർ.
ഇത്തവണ ലാലീഗ സീസണിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് മത്സരങ്ങളിലും സബ്സ്റ്റിറ്റ്യൂട്ടായിട്ടാണ് ലെവൻഡോവ്സ്കി കളത്തിലെത്തിയത്. ആദ്യ മത്സരത്തിൽ പരിക്കുമൂലം താരത്തിന് കളിക്കാനും കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളിലും ഫെറാൻ ടോറസായിരുന്നു ബാഴ്സയുടെ സ്ട്രൈക്കർ. ലെവൻഡോവ്സിക്ക് പകരമായി മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിനെയും അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ഹൂലിയൻ ആൽവരസിനെയും ബാഴ്സ ലക്ഷ്യമിട്ടിട്ടുണ്ട്.
Content Highlights: Robert Lewandowski could be playing his last season for Barcelona as contract renewal unlikely