ആഴ്‌സണലിന് തിരിച്ചടിയായി ബുകായോ സാകയുടെ പരിക്ക്, ലിവര്‍പൂളിനെതിരായ മത്സരം നഷ്ടമാകും

ഓഗസ്റ്റ് 31 ഞായറാഴ്ചയാണ് ലിവര്‍പൂള്‍-ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് കനത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം ബുകായോ സാകയ്ക്ക് ലിവര്‍പൂളിനെതിരായ നിര്‍ണായക എവേ മത്സരം നഷ്ടമാകും. നാലാഴ്ചയോളം താരത്തിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 31 ഞായറാഴ്ചയാണ് ലിവര്‍പൂള്‍-ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് പോരാട്ടം.

ലീഡ്‌സ് യുണൈറ്റഡിനെതിരെ ശനിയാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് 23കാരനായ സാക്കയുടെ കാലിന് പരിക്കേല്‍ക്കുന്നത്. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആഴ്‌സണല്‍ വിജയിച്ചെങ്കിലും വേദനയോടെ സാക കളംവിട്ടത് ആശങ്ക ഉയര്‍ത്തിയിരുന്നു.

ലിവപര്‍പൂളിനെതിരായ മത്സരത്തിന് ശേഷം ഇന്റര്‍നാഷണല്‍ ഇടവേള ആയതിനാല്‍ ഇംഗ്ലണ്ടിന്റെ മത്സരങ്ങളും സാകയ്ക്ക് നഷ്ടമാകും. അതിനുശേഷം നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയോ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരെയോ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലൂടെയായിരിക്കും സാക തിരിച്ചെത്താന്‍ സാധ്യത.

അതേസമയം സീസണ്‍ തുടങ്ങി രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പരിക്കുകള്‍ ആഴ്‌സണലിനെ വലയ്ക്കുകയാണ്. ഇതേ മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിനും വലത് തോളിന് പരിക്കേറ്റിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ലിവര്‍പൂളിനെതിരെ കളിക്കാന്‍ സാധ്യതയുണ്ടെന്നും ക്ലബ്ബ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കുമ്പോള്‍ കാല്‍മുട്ടിന് പരിക്കേറ്റ കായ് ഹാവര്‍ട്സും നിലവില്‍ ടീമിന് പുറത്താണ്.

Content Highlights: Bukayo Saka to miss Arsenal's trip to Liverpool after latest injury

To advertise here,contact us