വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരുന്നു. നോബിൾ ബാബു നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്. ട്രെയിലറിൽ കുറച്ച് സമയം വന്ന് പോകുന്ന ഒരാളുടെ മുഖം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായിരുന്നു.
മറ്റാരുടെയുമല്ല കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമാനോവിച്ചായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇപ്പോഴിതാ ഇവാന്റെ കഥാപാത്ര പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകനായ വിനീത് ശ്രീനിവാസൻ. 'ഞാൻ എന്റെ ലൈഫിൽ കണ്ടതിൽവെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ' എന്നാണ് അദ്ദേഹം ഇവാനെ വിശേഷിപ്പിച്ചത്. ആൻഡ്രെ നിക്കോള എന്ന കഥാപാത്രത്തെയാണ് ഇവാൻ അവതരിപ്പിക്കുന്നത്.
'നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എന്റെ ലൈഫിൽ കണ്ടതിൽവെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ.it's an honour working with you Aashanee- We all love you. Introducing Ivan Vukomanovic as André Nicola-!' വിനീത് ഫെയ്സ്ബുക്കിൽ കുറിച്ചു.
ചിത്രത്തിൽ അദ്ദേഹത്തിന്റെ റോളിന്റെ വലുപ്പമൊന്നും അറിയില്ലെങ്കിലും ട്രെയിലറിൽ മാസ് ആയിട്ട് തന്നെ അദ്ദേഹത്തെ അവതരിപ്പിക്കുന്നുണ്ട്. യൂട്യൂബ് കമന്റ് ബോക്സിൽ ആരാധകരെല്ലാം ഇവാൻ ആശാൻ എന്ന് കമന്റ് ചെയ്യുന്നുണ്ട്.
വിനീതിന്റെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ചിത്രമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. വിദേശ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര വിഷ്വലുകളും ഇതുവരെ കാണാത്ത ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയ്ലർ.
Content Highlights- Vineeth Sreenivasn Shares Character Poster of Ivan vukomanović