വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയിരുന്നു. നോബിൾ ബാബും നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ട്രെയിലറിൽ കുറച്ച് സമയം വന്ന് പോകുന്ന ഒരാളുടെ മുഖമാണ് നിലവിൽ ചർച്ചയാകുന്നത്.
ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ മുഖ്യ പരിശീലകനായ ഇവാൻ വുകോമാനോവിച്ച്. ചിത്രത്തിൽ അദ്ദേഹത്തിന്റെ റോളിന്റെ വലുപ്പമൊന്നും അറിയില്ലെങ്കിലും ട്രെയിലറിൽ മാസ് ആയിട്ട് തന്നെ അദ്ദേഹത്തെ അവതരിപ്പിക്കുന്നുണ്ട്. യൂട്യൂബ് കമൻ്റ് ബോക്സില് ആരാധകരെല്ലാം ഇവാൻ ആശാൻ എന്ന് കമൻ്റ് ചെയ്യുന്നുണ്ട്.
വിനീതിന്റെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ചിത്രമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. വിദേശ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര വിഷ്വലുകളും ഇതുവരെ കാണാത്ത ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയ്ലർ.
ഷാൻ റഹ്മാന്റെ പശ്ചാത്തലസംഗീതവും ജോമോൻ ടി ജോണിന്റെ വിഷ്വലുകളും നോബിളിന്റെ ആക്ഷൻ സീനുകളുമാണ് ട്രെയ്ലറിലെ ഹൈലൈറ്റ്. ചിത്രം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം. സംവിധാനത്തിനൊപ്പം വിശാഖുമായി ചേർന്ന് നിർമാണത്തിലും വിനീത് പങ്കാളിയാണ്. 'ഹൃദയം', 'വർഷങ്ങൾക്കുശേഷം' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും ഒന്നിക്കുന്ന സിനിമയാണിത്. നോബിൾ ബാബു തോമസാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത്. മെറിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നത്.
സിനിമയുടെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ ആണ്. ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. ലസെയർ വർദുകഡ്സെ, നോബിൾ ബാബു തോമസ്, ഐരാക്ലി സബനാഡ്സേ എന്നിവർ ചേർന്നാണ് സംഘട്ടനരം?ഗങ്ങളൊരുക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
Content Highlights- Ex Blasters Coach Ivan Vukomanović in trailer of Karam