ഇന്ത്യന് ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന് വിസമ്മതിച്ച് ഐഎസ്എല് ക്ലബ് മോഹന് ബഗാന് സൂപ്പര് ജയന്റ്. മലയാളി താരം സഹല് അബ്ദുല് സമദ് അടക്കമുള്ള താരങ്ങളെയാണ് ടീം വിട്ടുകൊടുക്കാന് വിസമ്മതിച്ചത്.
പുതിയ പരിശീലകന് കീഴിൽ കഴിഞ്ഞ ദിവസം സിഎഎഫ്എ നേഷന്സ് പോരാട്ടത്തിനുള്ള 35 അംഗ പ്രാഥമിക ദേശീയ സംഘത്തേയും തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന് ടീമിന്റെ ക്യാംപ് ബംഗളൂരുവില് ആരംഭിച്ചിട്ടുണ്ട്. ഈ ക്യാംപിലേക്കാണ് താരങ്ങളെ വിളിച്ചത്. എന്നാൽ താരങ്ങളോടുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ സമീപനം ചൂണ്ടികാട്ടി വിസമ്മതം അറിയിക്കുകയായിരുന്നു.
ഈ വര്ഷം മാര്ച്ചില് ബംഗ്ലാദേശിനെതിരായ ഏഷ്യന് കപ്പ് യോഗ്യതാ പോരാട്ടം കളിച്ച ക്യാപ്റ്റന് സുഭാശിഷ് ബോസിനു പരിക്കേറ്റത് ചൂണ്ടിക്കാണിച്ചാണ് മോഹന് ബഗാന് അധികൃതര് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്കായി കളിക്കാനിറങ്ങി തിരിച്ചെത്തുമ്പോള് ടീമിലെ നാലോ അഞ്ചോ താരങ്ങള്ക്ക് പരിക്കേറ്റിട്ടുണ്ടാകും. ഈ താരങ്ങളെ എഐഎഫ്എഫ് പിന്നെ തിരിഞ്ഞു നോക്കില്ല. പരിശോധന നടത്താനോ അവര്ക്ക് ആവശ്യമായ പിന്തുണ നല്കാനോ ഒന്നും ഇന്ത്യന് ഫുട്ബോള് അധികൃതര് തയ്യാറാകുന്നില്ല, മോഹന് ബഗാന് സ്റ്റേറ്റ്മെന്റിൽ പറയുന്നു.
അനിരുദ്ധ് ഥാപ, ദീപക് ടാംഗ്രി, ലാലെങ്മാവിയ, ലിസ്റ്റണ് കൊളാക്കോ, മന്വീര് സിങ്, മലയാളി താരം സഹല് അബ്ദുല് സമദ്, വിശാല് കെയ്ത്ത് എന്നീ മോഹൻ ബഗാൻ താരങ്ങൾക്കാണ് ഈ ക്യാംപിലേക്ക് വിളിയെത്തിയത്. ഇവരെ കൂടാതെ ജൂനിയർ ടീമിലേക്ക് വിളിയെത്തിയ താരങ്ങളെയും ക്ലബ് വിട്ടുകൊടുത്തിട്ടില്ല.
Content Highlights:Mohun Bagan refuses to release players, slams AIFF over injury neglect