പ്രഫഷണൽ ഫുട്ബാളിൽ 28-ാം വർഷം; ചരിത്രത്തിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച റെക്കോർഡ് ബ്രസീൽ താരത്തിന്!

ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോയാണ് ഈ നേട്ടത്തിന്റെ പുതിയ അവകാശി.

രാജ്യത്തിനും ക്ലബിനുമായി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ച താരമാരായിരിക്കും?. കൗതുകം തോന്നിപ്പിക്കുന്ന ഈ ചോദ്യത്തിന് പുതിയ ഉത്തരമായിരിക്കുകയാണ്. ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോയാണ് ഈ നേട്ടത്തിന്റെ പുതിയ അവകാശി.

മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ റെക്കോർഡിനൊപ്പമാണ് ഫാബിയോ എത്തിയത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗ് സീരി എയില്‍ ഫോര്‍ട്ടാലസയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഫാബിയോ കരിയറില്‍ 1,390 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

44 വയസുകാരനായ ഫാബിയോയ്ക്ക് പ്രൊഫഷണല്‍ കരിയറില്‍ താരത്തിന്റെ 28-ാം വര്‍ഷമാണ്. കരിയറില്‍ യൂണിയോ ബാന്‍ഡെയ്‌റാന്റെ (30 മത്സരങ്ങള്‍), വാസ്‌കോഡ ഗാമ (150), ക്രുസെയ്‌റോ (976), ഫ്‌ളുമിനെന്‍സ് (234) എന്നീ ക്ലബ്ബുകള്‍ക്കായാണ് താരം കളിച്ചത്.

1,390 മത്സരങ്ങള്‍ കളിച്ച പീറ്റര്‍ ഷില്‍ട്ടന്റെ നേട്ടം ഗിന്നസ് റെക്കോർഡും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്. 1966-ല്‍ കരിയര്‍ ആരംഭിച്ച ഷില്‍ട്ടണ്‍ 1997-ലാണ് വിരമിക്കുന്നത്.

ഷില്‍ട്ടണും ഫാബിയോക്കും ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 1283 മത്സരങ്ങളാണ് റോണോയുടെ അക്കൗണ്ടിലുള്ളത്. ചൊവ്വാഴ്ച ഫ്‌ളുമിനെന്‍സ് കൊളംബിയന്‍ ടീമായ അമേരിക്ക ഡി കാലിയെ നേരിടും. ഈ മത്സരത്തില്‍ ഷില്‍ട്ടന്റെ റെക്കോഡ് മറികടക്കാന്‍ ഫാബിയോക്ക് സാധിക്കും.

Content Highlights: Fluminense goalkeeper Fabio matches Shilton’s record for most competitive appearances

To advertise here,contact us