ലിവര്‍പൂളിന് ഇന്ന് ആദ്യപോര്; ജോട്ടയുടെ ഓര്‍മകളില്‍ നിറയാന്‍ ആന്‍ഫീല്‍ഡ്‌

2025 ജൂലൈ മൂന്നിനാണ് ഡിയോഗോ ജോട്ട കാറപകടത്തില്‍ മരണപ്പെടുന്നത്

ആന്‍ഫീല്‍ഡില്‍ ഡിയോഗോ ജോട്ടയുടെ ഓര്‍മകള്‍ക്കൊപ്പം പ്രീമിയര്‍ ലീഗ് സീസണിന്റെ കിക്കോഫ് വിസിലുയരും. പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളും ബേണ്‍മൗത്തും തമ്മിലാണ് ആദ്യ പോരാട്ടം. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്.

കഴിഞ്ഞ മാസം വാഹനാപകടത്തില്‍ മരണപ്പെട്ട പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ചായിരിക്കും ലിവർപൂള്‍ മത്സരം ആരംഭിക്കുക. മത്സരത്തില്‍ ജോട്ടയുടെ കുടുംബവും സ്‌റ്റേഡിയത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോട്ടയ്ക്ക് ആദരവര്‍പ്പിച്ച് 20-ാം നമ്പര്‍ ജേഴ്‌സി ലിവര്‍പൂള്‍ പിന്‍വലിച്ചിട്ടുണ്ട്.

2025 ജൂലൈ മൂന്നിനാണ് ഡിയോഗോ ജോട്ട അപ്രതീക്ഷിതമായി മരണപ്പെടുന്നത്. 28ാം വയസിലാണ് താരത്തിന്റെ അന്ത്യം. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ ഉണ്ടായിരുന്ന ജോട്ടയുടെ സഹോദനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും (26) അപകടത്തില്‍ മരണപ്പെട്ടു.

ജൂണ്‍ 22നാണ് ജോട്ടയുടെ വിവാഹം നടന്നത്. ദീര്‍ഘകാലം ജോട്ടയുടെ പങ്കാളിയായിരുന്ന റൂത്ത് കാര്‍ഡോസോയെയാണ് താരം വിവാഹം ചെയ്തത്. അതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ജോട്ട സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും മൂന്നു കുട്ടികളുമുണ്ട്. ജൂണ്‍ ഒമ്പതിന് യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗല്‍ നേടുമ്പോള്‍ ജോട്ടോയും ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ ഫുട്‌ബോള്‍ സീസണില്‍ ലിവര്‍പൂളിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലും ജോട്ട മുത്തമിട്ടിരുന്നു.

Content Highlights: Premier League: Liverpool to pay special tribute to Diogo Jota 

To advertise here,contact us