സാവിയുമായി ചർച്ച നടന്നോ? വെളിപ്പെടുത്തലുമായി AIFF

സാവിയും എഐഎഫ്എഫും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഫാബ്രിസിയോ റൊമാനോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസങ്ങളായ പെപ് ഗ്വാർഡിയോളയുടെയും സാവി ഹെർണാണ്ടസിന്റെയും അപേക്ഷകൾ വ്യാജമായിരുന്നുവെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്പെയിനിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസും മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ചായ പെപ് ​ഗ്വാർഡിയോളയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷിച്ചുവെന്ന വാര്‍ത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ റിപ്പോർട്ടുകളെല്ലാം വ്യാജമാണെന്ന് എഐഎഫ്എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാനുള്ള സാവി ഹെർണാണ്ടസിന്റെ അപേക്ഷ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സാവി ആവശ്യപ്പെട്ട ഭീമമായ തുക പ്രതിഫലമായി നൽകാൻ കഴിയാത്തതിനെ തുടർന്നാണ് സാവിയുടെ അപേക്ഷ തള്ളുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ സാവിയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ലോകപ്രശസ്ത ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നേരത്തെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

Dismissing hoax applications, AIFF ExCo to review shortlisted candidates for Indian senior men's national team head coach jobRead 👉 https://t.co/e3dmtW1Fsa#IndianFootball pic.twitter.com/53WgBTvcSr

മനോലോ മാർക്വെസ് രാജിവെച്ചതിന് പിന്നാലെ ഒഴിഞ്ഞുകിടക്കുന്ന മുഖ്യ പരിശീലക റോളിലേക്ക് 170-ൽ അധികം അപേക്ഷകൾ പരിശോധിക്കുന്നതിനിടെയാണ് ഗ്വാർഡിയോളയുടെയും സാവിയുടെയും പേരിലുള്ള ഇ-മെയിൽ അപേക്ഷകൾ എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിക്ക് ലഭിച്ചത്. എഐഎഫ്എഫ് നാഷണൽ ടീം ഡയറക്ടർ സുബ്രതാ പോൾ ഇത് പറഞ്ഞത് വലിയ വാർത്ത ആയിരുന്നു.

എന്നാൽ സൂക്ഷ്മ പരിശോധനയിൽ ഈ അപേക്ഷകൾക്ക് യാതൊരു വിശ്വാസ്യതയും സ്ഥിരീകരണവും കണ്ടെത്താനായില്ല. ഈ ഇ-മെയിലുകൾ വ്യാജമാണെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇതോടെ യൂറോപ്പിലെ ഉന്നത പരിശീലകർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താല്പര്യം കാണിച്ചു എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

Content Highlights: Did Xavi apply for India coach job? Indian football body makes statement

To advertise here,contact us