ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചതിന് ശേഷം മനോലോ മാർക്വെസ് എഫ്സി ഗോവയിൽ തിരിച്ചെത്തി. ദേശീയ ടീമിന്റെയും ഗോവൻ സംഘത്തിന്റെയും കോച്ചായി ഒരേസമയം പ്രവർത്തിച്ച മാർക്വേസ് 2024-25 സീസൺ സമാപിച്ചതോടെ ഐഎസ്എൽ വിട്ടിരുന്നു. എന്നാൽ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സ്പാനിഷ് കോച്ചിനെ എഫ്സി ഗോവ തിരിച്ചുവിളിച്ചിരിക്കുന്നത്.
2025-26 സീസണിലും എഫ്സി ഗോവയുടെ പരിശീലകനായി തുടരുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ അദ്ദേഹം തുടർച്ചയായി മൂന്നാം വർഷവും ഗോവൻ ടീമിന്റെ പരിശീലക സ്ഥാനത്ത് ഉണ്ടാകും.
2023ൽ എഫ്സി ഗോവയിൽ ചേർന്ന മാർക്വെസ് രണ്ട് വിജയകരമായ സീസണുകളിൽ ടീമിനെ നയിച്ചു. മാർക്വെസിന് കീഴിൽ ഇത്തവണത്തെ സൂപ്പർ കപ്പ് കിരീടത്തിൽ ഗോവ മുത്തമിട്ടിരുന്നു. ഐഎസ്.എല്ലിൽ സെമി ഫൈനലിലുമെത്തി. ഗോവയുടെ പരിശീലകനായിരിക്കെയാണ് കഴിഞ്ഞ വർഷം മാർക്വേസ് ഇന്ത്യൻ ടീമിന്റെ ചുമതലയും ഏറ്റെടുക്കുന്നത്. പക്ഷെ ദേശീയ ടീം മോശം പ്രകടനം പുറത്തെടുക്കുന്നത് തുടർന്നതോടെ അദ്ദേഹം സേവനം അവസാനിപ്പിക്കുകയായിരുന്നു.
Content Highlights: After stepping down as India head coach, Manolo Marquez to helm FC Goa