ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില് യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്ജി ഇംഗ്ലീഷ് വമ്പൻമാരായ ചെൽസിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം.
ഫ്രഞ്ച് കപ്പ് കിരീടം, ഫ്രഞ്ച് ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവ നേടിയ ആത്മവിശ്വാസത്തിലാണ് പിഎസ്ജി ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിനിറങ്ങുന്നത്. അതേസമയം, ക്ലബ് ലോകകപ്പിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ചെൽസി ഇറങ്ങുന്നത്.
ക്വാർട്ടറിൽ കരുത്തരായ ബയേൺ മ്യൂണിക്കിനേയും സെമിയിൽ റയൽ മാഡ്രിഡിനെയും തകർത്താണ് ലൂയിസ് എൻറികെയുടെ പിഎസ്ജി കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്. ബ്രസീലിയൻ ക്ലബുകളായ പാൽമിറാസിനെയും ഫ്ലുമിനൻസിനെയും തോൽപ്പിച്ചാണ് ചെൽസിയുടെ ഫൈനൽ പ്രവേശം.
സീസണിൽ മികച്ച പ്രകടനമാണ് പി എസ് ജി നടത്തിയിരുന്നത്. എതിരാളികൾക്കൊത്ത് തന്ത്രങ്ങൾ മെനയുന്ന കോച്ച് ലൂയിസ് എൻറി ക്വ അവരുടെ കരുത്താണ്. നെവെസ്, വിറ്റീഞ്ഞ, റൂയിസ് ത്രയം ഭരിക്കുന്ന മധ്യനിരയാണ് പിഎസ്ജിയുടെ നട്ടെല്ല്. ഗോളിലേക്ക് ഉന്നമിട്ട് ക്വാരസ്കേലിയയും ഡെംബലേയും യുവതാരം ഡുവേയും മുന്നേറും. ഹക്കീമിയും മാർക്വീഞ്ഞോയും നയിക്കുന്ന പ്രതിരോധവും അതി ശക്തം. ഗോൾമുഖത്ത് വിശ്വസ്തനായി ഡോണറുമ നിലനിൽക്കും.
ചെല്സിയുടെ പ്രതീക്ഷ യുവതാരങ്ങളിലാണ്. നെറ്റോയും പാമറും എൻകുകുവും പെഡ്രോയുമാണ് മുന്നേറ്റം നയിക്കുക. ഇരുടീമും ഇതിന് മുൻപ് നേർക്കുനേർ വന്നത് എട്ട് മത്സരങ്ങളിൽ. പിഎസ്ജി മൂന്നിലും ചെൽസി രണ്ടിലും ജയിച്ചു. മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
Content Highlights: PSG or Chelsea?; FIFA Club World Cup winners announced today