ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി ഫൈനലിൽ. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജിയുടെ ക്ലബ് ലോകകപ്പ് ഫൈനൽ പ്രവേശനം. പി എസ് ജിക്കായി ഫാബിയൻ റൂയിസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഒസ്മാൻ ഡെംബെലെ, ഗൊൺസാലോ റാമോസ് എന്നിവർ ഓരോ ഗോളുകൾ വീതവും വലയിലാക്കി.
ആറാം മിനിറ്റിൽ റൂയിസിന്റെ തകർപ്പൻ ഗോളോടെയാണ് മത്സരം ഉണർന്നത്. പിന്നാലെ ഒമ്പതാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെയും കൂടി വലചലിപ്പിച്ചതോടെ റയൽ കൂടുതൽ പ്രതിരോധത്തിലായി. 24-ാം മിനിറ്റിൽ റൂയിസ് വീണ്ടും വലകുലുക്കി. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് ക്ലബ് മുന്നിലായി. മത്സരം അവസാനിക്കാൻ ഒരുമിനിറ്റ് ശേഷിക്കെ ഗൊൺസാലോ റാമോസിന്റെ ഗോൾ കൂടി വലയിലായതോടെ മത്സരത്തിൽ പിഎസ്ജി ആധിപത്യപരമായ വിജയം സ്വന്തമാക്കി.
ജൂലൈ 14ന് ഇന്ത്യൻ സമയം രാത്രി 12.30നാണ് ക്ലബ് ലോകകപ്പിൽ ഫൈനൽ മത്സരം നടക്കുക. യൂറോപ്യൻ ഫുട്ബോളിന്റെ ചാംപ്യന്മാർ കൂടിയായ പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്നത് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയാണ്. ഇരുടീമുകളും ക്ലബ് ലോകകപ്പിൽ ഒരു മത്സരം പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് ചെൽസി പരാജയപ്പെട്ടു. മറ്റൊരു ബ്രസീലിയൻ ക്ലബ് ബൊട്ടഫോഗയോട് പിഎസ്ജിയും പരാജയപ്പെട്ടിരുന്നു. എങ്കിലും വിജയിച്ച മത്സരങ്ങളിൽ എതിരാളികളുടെമേൽ പിഎസ്ജിയുടെ ആധിപത്യമുണ്ടായിരുന്നു. ക്ലബ് ലോകകപ്പിൽ വിജയിച്ച അഞ്ച് മത്സരങ്ങളിലും ഗോൾവഴങ്ങാതെയാണ് പിഎസ്ജി ഫൈനലിലെത്തിയത്.
Content Highlights: PSG thrashed Real Madrid 4-0 in Club World Cup