തുടർച്ചയായി നാല് മത്സരങ്ങളിൽ ഒന്നിലധികം ​ഗോളുകൾ, എംഎൽഎസിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

കരിയറിലാകെ 870 ​ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്

മേജർ ലീ​ഗ് സോക്കർ ഫുട്ബോൾ ലീ​ഗിൽ ചരിത്രമെഴുതി ഇതിഹാസ താരം ലയണൽ മെസ്സി. തുടർച്ചയായി നാല് എംഎൽഎസ് മത്സരങ്ങളിൽ ഒന്നിലധികം ​ഗോൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. മെയ് 29ന് നടന്ന മൊൺട്രീലിനെതിരായ മത്സരത്തിൽ ഇരട്ട ​ഗോളുകൾ നേടി മെസ്സി ചരിത്ര നേട്ടത്തിലേക്ക് കാൽവെച്ചു. പിന്നാലെ കൊളംബസിനെതിരെയും കഴിഞ്ഞ മത്സരത്തിൽ വീണ്ടും മൊൺട്രീലിനെതിരെയും മെസ്സി ഇരട്ട ​ഗോൾ നേടി. ഇന്ന് നടന്ന മത്സരത്തിൽ ന്യൂ ഇം​ഗ്ലണ്ടിനെതിരെയും മെസ്സി ഇരട്ട ​ഗോൾ നേട്ടം ആവർത്തിച്ചതോടെയാണ് ചരിത്ര നേട്ടം സ്വന്തമായത്.

ഡിബോക്സിന് പുറത്തുനിന്ന് 100 ഓപൺപ്ലേ ​ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായെന്നതാണ് ഇന്ന് മെസ്സി നേടിയ മറ്റൊരു നേട്ടം. കരിയറിലാകെ 870 ​ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. കുറഞ്ഞ മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോർഡും മെസ്സിക്ക് സ്വന്തമായി. 1111 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ നേട്ടം. കഴിഞ്ഞ അഞ്ച് മേജർ ലീ​ഗ് മത്സരങ്ങളിൽ ഇന്റർ മയാമിക്കായി ഒമ്പത് ​ഗോളുകളും നാല് അസിസ്റ്റുകളുമാണ് മെസ്സിയുടെ സംഭാവന.

ഇന്ന് നടന്ന ന്യൂ ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു ആദ്യ ​ഗോൾ പിറന്നത്. ന്യൂ ഇം​ഗ്ലണ്ട് താരങ്ങളുടെ പ്രതിരോധ പിഴവ് മുതലെടുത്ത മെസ്സി അനായാസം പന്ത് വലയിലാക്കി. പിന്നാലെ 38-ാം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ​ഗോൾ നേടി. ഇത്തവണ സെർജിയോ ബുസ്കെറ്റ്സ് നൽകിയ ലോങ് പാസ് തകർപ്പൻ ഫിനിഷിങ്ങിലൂടെ മെസ്സി വലയിലാക്കുകയായിരുന്നു. 80-ാം മിനിറ്റിൽ കാൾസ് ​​ഗിൽ ന്യൂ ഇം​ണ്ടിനായി ആശ്വാസ ​ഗോൾ നേടി. അവശേഷിച്ച സമയത്ത് സമനില ​ഗോളിനായി ന്യൂ ഇം​ഗ്ലണ്ട് താരങ്ങൾ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതോടെ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഇന്റർ മയാമി വിജയം സ്വന്തമാക്കി.

മേജർ ലീ​ഗ് സോക്കറിൽ 18 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങൾ നേടിയ ഇന്റർ മയാമി 35 പോയിന്റുകൾ നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ മൂന്ന് മത്സരങ്ങളിൽ മയാമി സംഘം പരാജയപ്പെട്ടു. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മയാമിയുടെ സ്ഥാനം.

Content Highlights: Lionel Messi creates history, scores multiple goals in four consecutive MLS matches

To advertise here,contact us