റയൽ താരമായി പി എസ് ജിക്കെതിരെ ആദ്യ മത്സരത്തിന് എംബാപ്പെ; ക്ലബ് ലോകകപ്പിൽ ഇന്ന് രണ്ടാം സെമി

ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികൾ ഫൈനലിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസിയെ നേരിടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയില്‍ ഇന്ന് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം തുടങ്ങുക. ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണികിനെ തകർത്താണ് പിഎസ്‌ജി സെമി പോരാട്ടത്തിനെത്തുന്നത്. ബൊറൂസ്യ ഡോർട്ട്മുണ്ടിനെ വീഴ്ത്തിയാണഅ റയൽ മാഡ്രിഡ് ഫിഫ ക്ലബ് ലോകപ്പിന്‍റെ സെമി ഉറപ്പിച്ചത്. പി എസ് ജി വിട്ടതിന് ശേഷം ഇതാദ്യമായി റയൽ താരമായി കിലിയൻ എംബാപ്പെ പഴയ ക്ലബിനെതിരെ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികൾ ഫൈനലിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസിയെ നേരിടും. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ബ്രസീൽ ക്ലബ് ഫ്ലുമിനൻസിനെ പരാജയപ്പെടുത്തിയാണ് ചെൽസി ഫൈനലിൽ കടന്നത്. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി. ജൂലൈ 14നാണ് ക്ലബ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുക.

Content Highlights: PSG will face Real Madrid in Club World Cup Final

To advertise here,contact us