ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ പ്രീക്വാർട്ടറിൽ യൂറോപ്പ്യൻ ഫുട്ബോളിന്റെ ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ് പി എസ് ജിയോടേറ്റ തോൽവിയിൽ നിന്ന് കരകയറി ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ മോണ്ട്രിയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും തിരിച്ചുവരവ്. മത്സരത്തിൽ രണ്ടും ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി മയാമിക്കായി സംഭാവന ചെയ്തത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ പ്രിൻസ് ഒവുസു മോൺട്രിയലിനായി വലകുലുക്കി. ആദ്യ 10 മിനിറ്റിന് ശേഷമാണ് മയാമി താരങ്ങൾ മത്സരത്തിൽ താളം കണ്ടെത്തിയത്. എങ്കിലും ഗോൾവല ചലിപ്പിക്കാൻ 33-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മെസ്സിയുടെ അസിസ്റ്റിൽ ടാഡിയോ അല്ലെൻഡെ മയാമിക്കായി സമനില ഗോൾ കണ്ടെത്തി.
40-ാം മിനിറ്റിൽ മെസ്സിയുടെ ആദ്യ ഗോളിൽ ഇന്റർ മയാമി മത്സരത്തിൽ മുന്നിലെത്തി. ടോമസ് അവിലേസ് നൽകിയ പാസ് ഹെഡറിലൂടെ ലൂയിസ് സുവാരസ് ലയണൽ മെസ്സിക്ക് കൈമാറി. പിന്നാലെ പന്തുമായി മുന്നേറിയ മെസ്സി മോൺട്രിയൽ പ്രതിരോധത്തെ നിസഹായരാക്കി തന്റെ ഇടംകാൽ മാജിക്കിലൂടെ വലകുലുക്കി. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി ലീഡ് ചെയ്യാനും സാധിച്ചു.
LEO MESSI WHAT A GOAL! 🐐 pic.twitter.com/9oqcdP9Pgx
60-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയ മയാമിക്കായി വലചലിപ്പിച്ചു. 62-ാം മിനിറ്റിലാണ് മെസ്സി എതിരാളികളെ നിഷ്ഫലമാക്കി ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്. ഏകദേശം കോർട്ടിന്റെ മധ്യഭാഗത്ത് നിന്നായി ലൂയിസ് സുവാരസിൽ നിന്നും പാസ് സ്വീകരിച്ച മെസ്സി പിന്നീട് ഒറ്റയ്ക്കാണ് പന്തുമായി മുന്നേറിയത്. ഏഴോളം പ്രതിരോധ താരങ്ങൾ തടയാൻ ശ്രമിച്ചിട്ടും മെസ്സി മോൺട്രിയൽ ബോക്സിനുള്ളിലെത്തുകയും വലകുലുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മെസ്സിയുടെ പാസ് വലയിലാക്കാൻ ലൂയിസ് സുവാരസ് ശ്രമിച്ചെങ്കിലും മോൺട്രിയൽ ഗോൾകീപ്പറിന്റെ ഇടപെടൽ ഗോൾ നിഷേധിച്ചു.
LIONEL MESSI, OH MY GOD!! 😱pic.twitter.com/RVFQupo4ig https://t.co/mi6vDNo82I
അവസാന 30 മിനിറ്റിൽ ഇരുടീമുകൾക്കും ഗോൾവല ചലിപ്പിക്കാൻ സാധിച്ചില്ല. ഇതോടെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മയാമി സംഘം വിജയം സ്വന്തമാക്കി. മേജർ ലീഗ് സോക്കറിൽ 17 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയം നേടിയ ഇന്റർ മയാമി 32 പോയിന്റുകൾ നേടിയിട്ടുണ്ട്. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മയാമിയുടെ സ്ഥാനം.
Content Highlights: Lionel Messi's brace helps Inter Miami rout CF Montreal