ഇന്ത്യൻ ഫുട്ബോളിന് പരിശീലകനെ ആവശ്യമുണ്ട്; പരസ്യവുമായി എഐഎഫ്എഫ്

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം മനസിലാക്കുന്ന ആളുമായിരിക്കണം ദേശീയ ഫുട്ബോളിനെ പരിശീലിപ്പിക്കാൻ എത്തേണ്ടത്

സ്പെയിൻ ഫുട്ബോൾ മാനേജർ മനോലോ മാർക്കേസ് സ്ഥാനമൊഴിഞ്ഞതോടെ പുതിയ പരിശീലകനെ തേടി ഇന്ത്യൻ ദേശീയ ഫുട്ബോൾ സംഘടനായ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇക്കാര്യം അറിയിച്ചുകൊണ്ട് എഐഎഫ്എഫ് വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എലീറ്റ് യൂത്ത്, സീനിയർ ലെവൽ ഫുട്ബോളിൽ 10 മുതൽ 15 വരെ വർഷം പരിശീലന പരിചയമുള്ള കോച്ചിനെയാണ് ഇന്ത്യൻ ഫുട്ബോൾ തേടുന്നത്. ഏതെങ്കിലും സീനിയർ ദേശീയ ടീമിന്റെ ഹെഡ് കോച്ച് എന്ന നിലയിലുള്ള പരിചയത്തിനു മുൻഗണന നൽകിയിട്ടുണ്ട്. യുവേഫ പ്രഫഷനൽ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ലൈസൻസ് എന്നിവയോ തുല്യമായ മറ്റ് യോഗ്യതകളോ നിർബന്ധമാണ്. ഫ്ലെക്സിബിലിറ്റി, കാര്യക്ഷമത തുടങ്ങിയ പ്രാഥമിക യോഗ്യതകൾക്കു പുറമേ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം മനസിലാക്കുന്ന ആളുമായിരിക്കണം ദേശീയ ഫുട്ബോളിനെ പരിശീലിപ്പിക്കാൻ എത്തേണ്ടത്. പ്രതിമാസം 32 മുതൽ 40 ലക്ഷം രൂപ വരെയാണ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചിന് ശമ്പളമായി ലഭിക്കുക.

ഇന്ത്യൻ ഫുട്ബോളിനെ എട്ട് മത്സരങ്ങളിൽ മാത്രമാണ് മനോലോ മാർക്കേസ് പരിശീലിപ്പിച്ചത്. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയം നേടാൻ സാധിച്ചത്. മാലിദ്വീപിനെതിരെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കായിരുന്നു ആ വിജയം. തുടർച്ചയായി മോശം പ്രകടനങ്ങൾ നടത്തിയതിനെ തുടർന്നാണ് മാർക്കേസും ഇന്ത്യൻ ഫുട്ബോളും പരസ്പര ധാരണയിൽ വേർപിരിഞ്ഞത്.

Content Highlights: Indian Football Team Coach position is open at AIFF

To advertise here,contact us