ബ്രസീലിയൻ പടയോട്ടം; അൽ ഹിലാലിനെ വീഴ്ത്തി ഫ്ലുമിനൻസ് സെമിയിൽ

അൽ ഹിലാൽ ആദ്യ മിനിറ്റുകളിൽ പന്തിന്റെ നിയന്ത്രണം ആസ്വദിക്കാനാണ് ശ്രമിച്ചത്. എന്നാൽ പതിയെ ഫ്ലൂമിനൻസും മത്സരത്തിൽ താളം കണ്ടെത്തി.

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സൗദി ക്ലബ് അൽ ഹിലാലിനെ തോൽപ്പിച്ച് ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഫ്ലൂമിനൻസിന്റെ വിജയം. മാതേസ് മാർട്ടിനല്ലി, ഹെർകുലീസ് എന്നിവരാണ് ഫ്ലൂമിനൻസിനായി വലചലിപ്പിച്ചത്. മാർകോസ് ലിയാൻഡ്രോയാണ് അൽ ഹിലാലിന്റെ ആശ്വാസ ​ഗോൾ നേടിയത്. വിജയത്തോടെ ഫ്ലൂമിനൻസ് ക്ലബ് ലോകകപ്പിന്റെ സെമിയിൽ കടന്നു.

കാർ അപകടത്തിൽ മരണപ്പെട്ട പോർച്ചു​ഗൽ ദേശീയ ടീം ഫുട്ബോൾ താരം ഡിയേ​ഗോ ജോട്ടയ്ക്കും സഹോദരനും ഫുട്ബോൾ താരവുമായ ആന്ദ്ര സിൽവയ്ക്കും ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആരംഭിച്ചതിന് ശേഷമാണ് ഫ്ലൂമിനൻസ് - അൽ ഹിലാൽ മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ ഇരുടീമുകളുടെയും തന്ത്രങ്ങൾ ആർക്കും പിടികിട്ടിയിരുന്നില്ല. അൽ ഹിലാൽ ആദ്യ മിനിറ്റുകളിൽ പന്തിന്റെ നിയന്ത്രണം ആസ്വദിക്കാനാണ് ശ്രമിച്ചത്. എന്നാൽ പതിയെ ഫ്ലൂമിനൻസും മത്സരത്തിൽ താളം കണ്ടെത്തി.

ഒടുവിൽ 40-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ​ഗോൾ പിറന്നത്. സ്വന്തം പോസ്റ്റിന് മുന്നിലെ പന്ത് ക്ലിയർ ചെയ്യുന്നതിൽ അൽ ഹിലാൽ പ്രതിരോധം പിഴവ് വരുത്തിയപ്പോൾ അവസരം മുതലാക്കിയ ഫ്ലൂമിനൻസ് താരം സാമുവൽ സേവിയർ പന്ത് മാതേസ് മാർട്ടിനലിയിലേക്കെത്തിച്ചു. പിന്നാലെ തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെ മാർട്ടിനലി പന്ത് വലയിലാക്കി. മത്സരത്തിന്റെ ആവേശം ആരംഭിച്ചത് ഇവിടെ നിന്നുമാണ്.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ അൽ ഹിലാലിന് അനുകൂലമായി ഒരു പെനാൽറ്റി അവസരം ലഭിച്ചിരുന്നു. എന്നാൽ വാർ (വീഡിയോ അസിസ്റ്റിങ് റിവ്യൂ സിസ്റ്റം) പരിശോധനയിൽ ഇത് നിഷേധിക്കപ്പെട്ടു.

രണ്ടാം പകുതി തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ അൽ ഹിലാൽ മത്സരത്തിൽ സമനില പിടിച്ചു. 51-ാം മിനിറ്റിൽ മാർകോസ് ലിയാൻഡ്രോ ആണ് അൽ ഹിലാലിനായി വലചലിപ്പിച്ചത്. പിന്നീട് ഇരുടീമുകളും അവസരങ്ങൾ നിർമിച്ചു. ഒടുവിൽ 70-ാം മിനിറ്റിൽ ഹെർകുലീസിന്റെ ​ഗോൾ വലയിലെത്തി. അവശേഷിച്ച 20 മിനിറ്റിൽ അൽ ഹിലാൽ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഫ്ലൂമിനൻസിന് കഴിയുകയും ചെയ്തു. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ ക്ലബ് ലോകകപ്പിലെ അൽ ഹിലാൽ മുന്നേറ്റത്തിന് തടയിട്ട് ഫ്ലൂമിനൻസ് വിജയികളായി.

Content Highlights: Fluminense beats Al Hilal to enter semis in Fifa Club World Cup

To advertise here,contact us