പാൽമിറാസ് പോരാട്ടത്തിന് അവസാനം; ക്ലബ് ലോകകപ്പിൽ ചെൽസി സെമിയിൽ

എസ്റ്റേവോ വില്യനാണ് പാൽമിറാസിന്റെ ആശ്വസ ​ഗോൾ നേടിയത്

ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീൽ ക്ലബ് പാൽമിറാസിനെ പരാജയപ്പെടുത്തി ഇം​ഗ്ലീഷ് ചെൽസി സെമിയിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ഇം​ഗ്ലീഷ് ക്ലബിനായി കോൾ പാമർ ഒരു ​ഗോൾ നേടിയപ്പോൾ മറ്റൊന്ന് പാൽമിറാസ് താരം അഗസ്റ്റിൻ ജിയേയുടെ സെൽഫ് ​ഗോളായിരുന്നു. എസ്റ്റേവോ വില്യനാണ് പാൽമിറാസിന്റെ ആശ്വസ ​ഗോൾ നേടിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഇരുടീമുകളും താളം കണ്ടെത്തി. 16-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ​ഗോൾ പിറന്നത്. സുന്ദരമായ ഒരു ഇടംകാൽ ഷോട്ടിലൂടെ കോൾ പാമർ ചെൽസിക്കായി വലകുലുക്കി. പിന്നീട് ആദ്യ പകുതിയിൽ ചെൽസിയുടെ ആധിപത്യമായിരുന്നു കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിട്ട് നിൽക്കാനും ചെൽസിക്ക് സാധിച്ചു.

രണ്ടാം പകുതി തുടങ്ങി അൽപ്പസമയത്തിനുള്ളിൽ പാൽമിറാസ് സമനില ​ഗോൾ കണ്ടെത്തി. 53-ാം മിനിറ്റിൽ എസ്റ്റേവോ വില്യനാണ് ബ്രസീലിയൻ ക്ലബിനായി വലചലിപ്പിച്ചത്. 83-ാം മിനിറ്റിലാണ് മത്സരത്തിലെ വിജയ​ഗോൾ പിറന്നത്. ചെൽസി താരം മാലോ ഗസ്റ്റോയുടെ ഷോട്ട് പ്രതിരോധിക്കാനുള്ള അ​ഗസ്റ്റിൻ ജിയേയുടെ ശ്രമം പരാജയപ്പെടുകയും ഷോട്ട് ​ഗോളായി മാറുകയും ചെയ്തു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പാൽമിറാസിന് കഴിഞ്ഞില്ല. വിജയത്തോടെ സെമിയിലേക്ക് മുന്നേറാൻ ചെൽസിക്ക് സാധിക്കുകയും ചെയ്തു.

Content Highlights: Chelsea make Club World Cup semi-final

To advertise here,contact us