'ദേശീയ ടീമിനൊപ്പം കഴിഞ്ഞ ദിവസം വരെ നമ്മൾ ഒന്നിച്ചായിരുന്നു'; ജോട്ടയുടെ വിയോ​ഗത്തിൽ ക്രിസ്റ്റ്യാനോ

'ഞങ്ങൾ എല്ലാവരും താങ്കളെ ഒരുപാട് മിസ് ചെയ്യും'

പോർച്ചുഗൽ ഫുട്ബോൾ സഹതാരം ഡിയേഗോ ജോട്ടയുടെ വിയോഗത്തിൽ പ്രതികരിച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ ദേശീയ ടീമിൽ അടുത്ത ദിവസം വരെ നമ്മൾ ഒരുമിച്ചുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് താങ്കൾ വിവാഹിതനായത്. താങ്കളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയാണ്. താങ്കളുടെ ഭാര്യക്കും കുട്ടികൾക്കും ഈ സാഹചര്യം അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെ. ഞങ്ങൾ എല്ലാവരും താങ്കളെ ഒരുപാട് മിസ് ചെയ്യും. സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ചു.

ഇന്ന് പുലർച്ചെ നടന്ന കാർ അപകടത്തിലാണ് ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട മരണപ്പെട്ടത്. 28-ാം വയസിലാണ് താരത്തിന്റെ അന്ത്യം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. കാറിൽ ഉണ്ടായിരുന്ന ജോട്ടയുടെ സഹോദനും ഫുട്ബോൾ താരവുമായ ആന്ദ്രെ സിൽവയും (26) അപകടത്തിൽ മരണപ്പെട്ടു.

ജൂൺ 22നാണ് ജോട്ടയുടെ വിവാഹം നടന്നത്. ദീർഘകാലം ജോട്ടയുടെ പങ്കാളിയായിരുന്ന റൂത്ത് കാർഡോസോയെയാണ് താരം വിവാഹം ചെയ്തത്. അതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ജോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവർക്കും മൂന്നു കുട്ടികളുമുണ്ട്. ജൂൺ ഒമ്പതിന് യുവേഫ നേഷൻസ് ലീ​ഗ് കിരീടം പോർച്ചു​ഗൽ നേടുമ്പോൾ ജോട്ടോയും ടീമിൽ അം​ഗമായിരുന്നു. കഴിഞ്ഞ ഫുട്ബോൾ സീസണിൽ ലിവർപൂളിനൊപ്പം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടത്തിലും ജോട്ട മുത്തമിട്ടിരുന്നു.

Content Highlights: Cristiano Ronaldo pays tribute to Diogo Jota

To advertise here,contact us