ചരിത്രമെഴുതി മെസ്സിയുടെ ഫ്രീകിക്ക് ഗോൾ; ക്ലബ് ലോകകപ്പിൽ എഫ് സി പോർട്ടോയെ വീഴ്ത്തി ഇന്റർ മയാമി

ടെലാസ്കോ സെഗോവിയ ആണ് മയാമിക്കായി വലചലിപ്പിച്ച മറ്റൊരു താരം

ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ആദ്യ ജയം നേടി ഇന്റർ മയാമി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പോർച്ചു​ഗൽ ക്ലബ് എഫ് സി പോർട്ടോയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വീഴ്ത്തിയാണ് മയാമി ക്ലബ് ലോകകപ്പിലെ ആദ്യ വിജയം കുറിച്ചത്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഫ്രികിക്ക് ​ഗോൾ മയാമി വിജയത്തിൽ നിർണായകമായി. ടെലാസ്കോ സെഗോവിയ ആണ് മയാമിക്കായി വലചലിപ്പിച്ച മറ്റൊരു താരം.

എട്ടാം മിനിറ്റിൽ എഫ് സി പോർട്ടോയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. പോർട്ടോ സംഘത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സാമുവൽ അഘെഹോവ വലയിലാക്കി. പിന്നാലെ 19-ാം മിനിറ്റിൽ തിരിച്ചുവരവിന് മയാമി ശ്രമം ഉണ്ടായെങ്കിലും ​ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. മെസ്സിയുടെ പാസിൽ ലൂയിസ് സുവാരസിന്റെ ഷോട്ട് പോർട്ടോ ​ഗോൾകീപ്പർ പ്രതിരോധിച്ചിട്ടു. 44-ാം മിനിറ്റിൽ ഡിബോക്സിന് പുറത്തുനിന്ന് പോർട്ടോ താരം അലൻ വരേലയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഒരു ​ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ പോർട്ടോയ്ക്ക് കഴിഞ്ഞു.

രണ്ടാം പകുതിയിലാണ് മെസ്സിയും സംഘവും തിരിച്ചടിച്ചത്. 47-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയുടെ ​ഗോൾ പിറന്നു. തൊട്ടുപിന്നാലെ 54-ാം മിനിറ്റിൽ മെസ്സിയുടെ ​ഗോൾ പിറന്നു. ഡിബോക്സിന് പുറത്ത് ലഭിച്ച ഫ്രീകിക്ക് തന്റെ ഇഷ്ട ഇടംകാൽ ഷോട്ടിലൂടെ മെസ്സി വലയിലാക്കി. ഇന്റർ മയാമിക്കായി മെസ്സിയുടെ 50-ാം ​ഗോൾ ആണിത്. 61-ാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഫുട്ബോൾ ചരിത്രത്തിൽ 1250 ​ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ താരമാകാനും മെസ്സിക്ക് കഴിഞ്ഞു. 866 ​ഗോളുകളും 384 അസിസ്റ്റുകളും ഉൾപ്പെടെയാണ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം.

MESSI MAGIC ONCE AGAIN ☄️🐐What a free kick from the goat at the FIFA Club World Cup. pic.twitter.com/EiAv4invb8

മത്സരത്തിന്റെ 72-ാം മിനിറ്റിൽ സമനില ​ഗോളിനായുള്ള പോർട്ടോ താരം ഫ്രാൻസിസ്കോ മൗറയുടെ ശ്രമം വിഫലമായി. 81-ാം മിനിറ്റിൽ സാമുവൽ അഘെഹോവ രണ്ടാം ​ഗോളിന് ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇന്റർ മയാമി ക്ലബ് ലോകകപ്പിലെ ആദ്യ വിജയം ആഘോഷിച്ചു. അടുത്ത മത്സരത്തിൽ ബ്രസീലിയിൻ ക്ലബ് എ ഇ പാൽമീറസിനെതിരെ സമനില എങ്കിലും നേടാനായാൽ ഇന്റർ മയാമിക്ക് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടക്കാം.

Content Highlights: Lionel Messi scores goal in Inter Miami's historic Club World Cup win

To advertise here,contact us