ഇന്റർ മയാമിക്കായി 50-ാം ഗോൾ, ഫുട്ബോൾ ചരിത്രത്തിൽ കൂടുതൽ ​ഗോൾ സംഭാവന; ഒറ്റ മത്സരത്തിൽ മെസ്സി കുറിച്ച നേട്ടങ്ങൾ

ഫുട്ബോൾ ചരിത്രത്തിൽ കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമതുണ്ട്

ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്റർ മയാമി. ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഫ്രികിക്ക് ​ഗോൾ മയാമിയുടെ ക്ലബ് ലോകകപ്പിലെ ആദ്യ വിജയത്തിൽ നിർണായകമായി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മയാമിയുടെ വിജയം. നിർണായക ​ഗോളോടെ ചില ചരിത്ര നേട്ടങ്ങളും മെസ്സി സ്വന്തം പേരിൽ കുറിച്ചു.

ഇന്റർ മയാമിക്കായി 50 ​ഗോളുകൾ എന്ന നേട്ടമാണ് അതിൽ ആദ്യത്തേത്. 61 മത്സരങ്ങളിൽ നിന്നാണ് മെസ്സി ചരിത്ര നേട്ടത്തിലെത്തിയത്. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി 119 മത്സരങ്ങളിൽ നിന്നും അർജന്റീനയ്ക്ക് വേണ്ടി 107 മത്സരങ്ങളിൽ നിന്നുമാണ് മെസ്സി 50 ​​ഗോൾ നേട്ടം സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ് പി എസ് ജിക്ക് വേണ്ടി 71 മത്സരങ്ങൾ കളിച്ച മെസ്സി 32 ​ഗോളുകളും 35 അസിസ്റ്റുകളും നേടിയിരുന്നു.

ഫുട്ബോൾ ചരിത്രത്തിൽ 1250 ​ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ താരമാകാനും മെസ്സിക്ക് കഴിഞ്ഞു. 866 ​ഗോളുകളും 384 അസിസ്റ്റുകളും ഉൾപ്പെടെയാണ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം. 1,107 മത്സരങ്ങളാണ് മെസ്സി തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. 1,281 മത്സരങ്ങളിൽ നിന്നായി 938 ​ഗോളുകളും 257 അസിസറ്റുകളും ഉൾപ്പെടെ 1,195 ​ഗോൾ സംഭാവനകൾ നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ മെസ്സിക്ക് പിന്നിൽ രണ്ടാമതുള്ളത്.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രികിക്ക് ​ഗോളുകളെന്ന നേട്ടത്തിൽ ബ്രസീലിയൻ മുൻ താരം മാർക്കോസ് അസുൻസോയ്ക്ക് ഒപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു. ഇരുവരും കരിയറിൽ 68 ഫ്രീകിക്ക് ​ഗോളുകൾ വീതം നേടി. 78 ഫ്രികിക്ക് ​ഗോളുകളുമായി ബ്രസീലിയൻ മുൻ താരം മാഴ്സലീഞ്ഞോ കരിയോക്കയാണ് ഈ നേട്ടത്തിൽ മുന്നിലുള്ളത്.

Content Highlights: Historic achievements clinched by Lionel Messi against FC Porto

To advertise here,contact us