ഫ്ലിക്കിന്റെ പുതിയ പടയാളി! നിക്കോ വില്യംസ് ബാഴ്‌സയിലേക്ക്..

ആറ് വർഷത്തെ കരാറിലാണ് താരത്തെ ടീമിലെത്തിക്കുന്നത്

സ്‌പാനിഷ് യുവ താരം നിക്കോ വില്യംസ് ബാഴ്‌സലോണയിലേക്ക്. 60 മില്യണ്‍ യൂറോ മുടക്കി ആറ് വർഷത്തെ കരാറിലാണ് കറ്റാലന്മാര്‍ അത്ലറ്റിക്ക് ക്ലബ്ബ് താരത്തെ ടീമിലെത്തിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തോളമായി ഹാൻസി ഫ്ലിക്കും കൂട്ടരും ഈ സ്പാനിഷ് വിങ്ങറുടെ പുറകെയായിരുന്നു. പക്ഷെ ഡാനി ഓൽമോയെയടക്കമുള്ളവരെ ടീമിലെത്തിച്ചതിനാൽ പദ്ധതികൾ മാറ്റുകയായിരുന്നു. എന്നാൽ നിലവിൽ നിക്കോയുമായുള്ള കരാറിലേക്ക് ബാഴ്‌സ അടുത്ത് കഴിഞ്ഞുവെന്ന് ഫുട്‌ബോൾ വൃത്തങ്ങൾ ഉറപ്പിക്കുന്നു.

2031 ജൂൺ വരെയുള്ള കരാറിലാണ് നിക്കോ ഒപ്പുവക്കുക. യൂറോപ്പ്യന്‍ ഫുട്ബോളിലെ വമ്പൻ സ്രാവുകളായ ആഴ്‌സനൽ, ചെൽസി, ബയേൺ മ്യൂണിക്ക് എന്നിവരുടെയെല്ലാം റഡാറില്‍ നിക്കോയുണ്ടായിരുന്നു. എന്നാൽ താരം കറ്റാലന്‍ കൂടാരത്തിലേക്ക് പോവാന്‍ തന്നെ തീരുമാനിച്ചു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ അത്ലറ്റിക് ക്ലബ്ബിനായി മികച്ച പ്രകടനങ്ങളാണ് വില്യംസ് പുറത്തെടുക്കുന്നത്. പോയ സീസണിൽ ടീമിനായി 29 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളും അഞ്ച് അസിസ്റ്റും തന്‍റെ പേരില്‍ കുറിച്ചു. സ്‌പാനിഷ് ടീമില്‍ തന്റെ ഉറ്റചങ്ങാതിയായ ബാഴ്‌സയുടെ യങ് സെന്‍സേഷന്‍ ലമീൻ യമാലുമായി ബാഴ്‌സയിലും മികച്ച കൂട്ടുക്കെട്ടുണ്ടാക്കാൻ നിക്കോക്ക് സാധിക്കുമെന്നാണ് ബാഴ്‌സ ആരാധകരുടെ ഉറച്ച പ്രതീക്ഷ.

കഴിഞ്ഞ സീസണിൽ മികച്ച ഫോമിൽ കളിച്ച് ലാ ലീഗ സ്വന്തമാക്കിയ ബാഴ്‌സലോണക്ക് പക്ഷെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനൽ വരെയെ ആയുസ്സുണ്ടായിരുന്നുള്ളൂ. അടുത്ത സീസണിൽ ഏറെ നാളായി കിട്ടാകനിയായ യുസിഎൽ നേടാനായിരിക്കും ബാഴ്‌സ ഫ്ലിക്കിൻ്റെ കീഴിൽ കച്ചകെട്ടിയിറങ്ങുക.

Content Highlights- Nico Williams edges closer to signing in Barcelona

To advertise here,contact us