അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 2025-26 സീസണിനായുള്ള വാർഷിക കലണ്ടറിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗിനെ ഒഴിവാക്കി. വിവിധ പ്രായക്കാർക്കുള്ള ആഭ്യന്തര ടൂർണമെന്റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഒന്നാംനിര ഫ്രാഞ്ചൈസി ലീഗായ ഐഎസ്എല്ലിനെ മത്സര കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇതോടെ ലീഗിന്റെ ഭാവിയുമായി ബന്ധപ്പെട്ട ആശങ്കയിലാണ് ആരാധകർ. ജൂലൈ 10 മുതൽ ആരംഭിക്കാൻ പോകുന്ന സീസണിൽ രാജ്യത്തെ ജനപ്രിയ ഫുട്ബോൾ ലീഗായ ഐഎസ്എല്ലിനെ കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ ലീഗിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. നിലവിൽ ഐഎസ്എല്ലിന്റെ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്എസ്ഡിഎൽ) ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായുള്ള കരാർ പുതുക്കാത്ത സാഹചര്യമാണുള്ളത്. ഇരുകൂട്ടരും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാറില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
No ISL in the 2025-26 competition calendar from the AIFF. IWL from October 25. I-League 3 to finish before I-League 2.#IndianFootball pic.twitter.com/y6gqLn3G8B
ഇതിൽ തീരുമാനം വന്നിട്ട് മാത്രമാണ് ഐഎസ്എല്ലുമായി മുന്നോട്ട് പോകാൻ എഫ്എസ്ഡിഎൽ തയ്യാറാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2010ലാണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിൽ 15 വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. ഈ വർഷം ഡിസംബറിൽ അത് അവസാനിക്കുകയാണ്. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള കരാര്‍ ഇതുവരെ പുതുക്കിയിട്ടില്ല. 2025–26 ഐഎസ്എൽ സീസൺ സെപ്റ്റംബർ 14 ന് ആരംഭിക്കേണ്ടതായിരുന്നു.
Content Highlights: AIFF excludes Indian Super League from next season's schedule