വിജയത്തിന് പിന്നാലെ ആനന്ദക്കണ്ണീരണിഞ്ഞ് റൊണാള്‍ഡോ; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പരിക്കേറ്റ് കളം വിട്ടതിനാല്‍ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ അധികസമയം പൂര്‍ത്തിയാക്കിയത്

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന്റെ വിജയത്തിന് പിന്നാലെ ആനന്ദക്കണ്ണീരണിഞ്ഞ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്‌പെയ്‌നിനെതിരായ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് റൊണാള്‍ഡോ നയിച്ച പറങ്കിപ്പട വിജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ 5-3നായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.

നിശ്ചിത സമയത്തും അധിക സമയത്തും പോര്‍ച്ചുഗല്‍ 2-2ന് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. യുവതാരം ന്യൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പോര്‍ച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി.

88-ാം മിനിറ്റില്‍ പരിക്കേറ്റ് കളം വിട്ടതിനാല്‍ ക്രിസ്റ്റ്യാനോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ അധികസമയം പൂര്‍ത്തിയാക്കിയത്. സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാല്‍ പോര്‍ച്ചുഗലില്‍ റൊണാള്‍ഡോയും സ്‌പെയ്‌നില്‍ ലാമിന്‍ യമാലും ഷൂട്ടൗട്ടിന് ഉണ്ടായിരുന്നില്ല. പോര്‍ച്ചുഗലിനായി ഗോണ്‍സാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, ന്യൂനോ മെന്‍ഡസ്, റൂബന്‍ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. സ്പാനിഷ് നിരയില്‍ മൈക്കല്‍ മെറീനോ, അലക്‌സ് ബയേന, ഇസ്‌കോ എന്നിവരും വല കുലുക്കി.

വിജയത്തിന് പിന്നാലെ വികാരാധീനനാകുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് കാണാനായത്. മത്സരത്തിന് ശേഷം ആനന്ദക്കണ്ണീരണിയുന്ന പോര്‍ച്ചുഗീസ് നായകന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

WHAT IT MEANS 🥹 pic.twitter.com/kk8rODFCCX

🥺 What it means for Cristiano…📸 @eurofootcom pic.twitter.com/nmRbqKYI8E

പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ ജയിച്ചിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 138 ആയി.

Content Highlights: Cristiano Ronaldo breaks down in tears after Portugal beats Spain to win Nations League

To advertise here,contact us