യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പാനിഷ് കൗമാരതാരം ലാമിന് യമാലിനെ നേരിടുന്നതിനെ കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയും യമാലും നേര്‍ക്കുനേര്‍ വരുന്നു എന്നതിലുപരി പോര്‍ച്ചുഗലും സ്പെയ്നും തമ്മിലുള്ള പോരാട്ടമാണെന്നാണ് റൊണാള്‍ഡോ പറയുന്നത്. സ്പെയ്നിനെ ലോകത്തിലെ മികച്ച ദേശീയ ടീമാണെന്ന് വിശേഷിപ്പിച്ച റൊണാള്‍ഡോ തന്നെ മറ്റൊരു തലമുറയായി കാണുന്നതില്‍ കുഴപ്പമില്ലെന്നും പറഞ്ഞു.
ഫൈനലിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 'ഫുട്ബോളില്‍ വ്യത്യസ്ത തലമുറകളുണ്ട്. ഒരാള്‍ രംഗത്തേക്ക് വരുമ്പോള്‍ മറ്റൊരാള്‍ രംഗം വിടുന്നു. എന്നെ മറ്റൊരു തലമുറയായി കാണാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് കുഴപ്പമില്ല', റൊണാള്‍ഡോ പറഞ്ഞു.
'ക്രിസ്റ്റ്യാനോയും മറ്റൊരാളും തമ്മില്‍ ഏറ്റുമുട്ടുന്നു എന്നാണ് നിങ്ങള്‍ എപ്പോഴും പറയാറുള്ളത്. എന്നാല്‍ അത് അങ്ങനെയല്ല. മാധ്യമങ്ങള്‍ എപ്പോഴും ഒരു ഹൈപ്പ് കൊടുക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അത് ഒരു സാധാരണ കാര്യമാണ്. ഇതിനെ ഒരു ടീമും മറ്റൊരു ടീമും തമ്മിലുള്ള മത്സരമായിട്ടുവേണം കാണാന്‍', ക്രിസ്റ്റ്യാനോ മാധ്യമങ്ങളോട് പറഞ്ഞു.
'ലാമിനെ കുറിച്ച് നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. നിങ്ങള്‍ അങ്ങനെ പറയുന്നത് ശരിയുമാണ്. കാരണം അദ്ദേഹം വളരെ മികച്ച താരമാണ്, പക്ഷേ ടീമിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് നിക്കോ വില്യംസ് ഉണ്ട്. പെഡ്രിയെ പോലെ മികച്ച മിഡ്ഫീല്‍ഡര്‍മാരും ഉണ്ട്. സ്പെയിനിന് വളരെ അച്ചടക്കവും കരുത്തുമുള്ള കോച്ചുമുണ്ട്', റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
അതേസമയം യുവേഫ നേഷന്‍സ് ലീഗിന്റെ ചാംപ്യന്മാര് ആരെന്ന് അറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ന് രാത്രി 12.30ന് നടക്കുന്ന ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ലാമിന് യമാലിന്റെ സ്പെയിനിനെ നേരിടുകയാണ്. 40കാരനായ ക്രിസ്റ്റ്യാനോയും 17കാരനായ ലാമിന് യമാലും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. രണ്ട് തലമുറകളുടെ പോരാട്ടമായും ഈ മത്സരത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നുണ്ട്.
Content Highlights: UEFA Nations League final: Spain-Portugal more than Yamal battle, says Ronaldo