അർജന്റീനയ്ക്കായി ചരിത്രം കുറിച്ച് ഫ്രാങ്കോ മസ്റ്റാന്റുവോനോ; 65 വർഷത്തിന് ശേഷം പുതിയ റെക്കോർഡ്

ചിലിക്കെതിരായ മത്സരത്തിലാണ് താരം ചരിത്രം കുറിക്കുന്നത്

അർജന്റീനൻ ഫുട്ബോളിൽ ചരിത്ര നേട്ടവുമായി യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവോനോ. അർജന്റീനൻ ദേശീയ ഫുട്ബോൾ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് മസ്റ്റാന്റുവോനോ. ഇന്ന് പുലർച്ചെ നടന്ന ‌ഫിഫ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ചിലിക്കെതിരെയാണ് താരം കളത്തിലെത്തിയത്.

അർജന്റീനൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഫ്രാങ്കോ മസ്റ്റാന്റുവോനോയ്ക്ക് 17 വർഷവും ഒമ്പത് മാസവും 22 ദിവസവുമാണ് പ്രായം. 1960ലെ പാൻഅമേരിക്കൻ (ഇപ്പോൾ കോപ്പ അമേരിക്ക) ടൂർണമെന്റിൽ അർജന്റീനൻ മുൻ താരം ജുവാൻ സർനാരി കുറിച്ച റെക്കോർഡാണ് മസ്റ്റാന്റുവോനോ തിരുത്തിയെഴുതിയത്. ഏകദേശം 65 വർഷത്തിന്റെ ഇടവേളയിലാണ് താരത്തിന്റെ പുതിയ നേട്ടം. ഇതിഹാസ താരം ഡീ​ഗോ മറഡോണ 16 വർഷവും മൂന്ന് മാസവും 28 ദിവസവും പ്രായമുള്ളപ്പോൾ അർജന്റീനയ്ക്കായി കളിച്ചിരുന്നു. എന്നാൽ അതൊരു അനൗദ്യോ​ഗിക മത്സരമായിരുന്നു.

അതിനിടെ ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വിജയിച്ചു. ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് അർജന്റീനയുടെ വിജയം. 16-ാം മിനിറ്റിൽ ഹൂലിയൻ ആൽവരസാണ് ലോക ചാംപ്യന്മാർക്ക് വിജയം സമ്മാനിച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയും മത്സരത്തിൽ കളിക്കാനിറങ്ങിയിരുന്നു.

Content Highlights: Franco Mastantuono Poised to Break Argentina's Youngest Debut Record

To advertise here,contact us