ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായി അര്‍ജന്റീന കളത്തിലിറങ്ങുന്നു. വെള്ളിയാഴ്ച രാവിലെ 6.30നാണ് മത്സരം നടക്കുക. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ചിലിക്കെതിരെ അവരുടെ നാടായ സാന്റിയാഗോയിലാണ് മത്സരം നടക്കുക.
2026 ഫിഫാ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആറാമത്തെ ടീമായി അര്‍ജന്റീന മാറിയിരുന്നു. അവസാന മത്സരത്തില്‍ ബ്രസീലിനെ 4-1ന് തകര്‍ത്താണ് അര്‍ജന്റീന യോഗ്യത നേടിയത്. ഇനിയുള്ള മത്സരങ്ങളില്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് കോച്ച് ലയണല്‍ സ്കലോണി സൂചന നല്‍കിയിരുന്നു.
സൂപ്പര്‍താരം ലയണല്‍ മെസ്സി കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. യുവതാരങ്ങളായ ജൂലിയന്‍ അല്‍വാരസ്, ജിലിയാനോ സിമിയോണി, ലിയനാര്‍ഡോ ബലേര്‍ദോ എന്നിവരെല്ലാം പ്ലെയിങ് ഇലവനിലെത്തിയേക്കും. ലൗട്ടാരോ മാര്‍ട്ടിനെസ് കളിക്കില്ല. കഴിഞ്ഞ മത്സരങ്ങളിലെ മഞ്ഞകാര്‍ഡ് കാരണം സസ്പെന്‍ഷനിലുള്ള നികോളാസ് ഒട്ടമെന്‍ഡിക്കും മത്സരം നഷ്ടമാകും. ഇതോടെ സിമിയോണിക്കൊപ്പം അല്‍വാരസും പ്ലെയിങ് ഇലവനില്‍ സ്ട്രൈക്കറുടെ റോളിലെത്തും.
പരിക്കില്‍നിന്ന് മുക്തനായെങ്കിലും മെസ്സി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് സ്കലോണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരത്തില്‍ മെസ്സി കളിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അറ്റാക്കിങ് മിഡിഫീല്‍ഡര്‍ നിക്കോ പാസ് ആദ്യ ഇലവനിലെത്തും. ക്രിസ്റ്റ്യന്‍ റൊമേരോ, തിയാഗോ അല്‍മാഡ എന്നിവര്‍ക്കും അവസരമുണ്ടാകും.
ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ച അര്‍ജന്റീന 14 മത്സരങ്ങളില്‍നിന്ന് 31 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ചിലി അവസാന സ്ഥാനത്തും. 14 മത്സരങ്ങളില്‍നിന്ന് 10 പോയിന്റ് മാത്രം. 23 പോയിന്റുമായി ഇക്വഡോര്‍, 21 പോയിന്റുമായി യുറുഗ്വായ് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്.
Content Higlights- Lionel Messi not sure to play for Argentina in worldcup qualifier match against Chile