ബ്ലാസ്റ്റേഴ്‌സില്‍ വന്‍ അഴിച്ചുപണി; പെപ്രയടക്കം മൂന്ന് സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിട്ടു

ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ക്ലബ് വിട്ടു. ഘാന താരം ക്വാമെ പെപ്ര, ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിത, ഗോള്‍കീപ്പര്‍ കമല്‍ജിത് സിംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പടിയിറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ക്ലബ്ബുമായി ഉണ്ടാക്കിയ കരാറുകള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സ്‌ട്രൈക്കര്‍മാരായ ക്വാമെ പെപ്രയും ഇഷാന്‍ പണ്ഡിതയും ക്ലബ്ബ് വിട്ടത്. ലോണ്‍ കാലാവധി പൂര്‍ത്തിയായതോടെയാണ് ഗോള്‍കീപ്പര്‍ കമല്‍ജിത് സിംഗ് ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടുകെട്ടുന്ന ക്വാമെ പെപ്ര ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥിരമായി ടീമില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും പെപ്രയെ റിലീസ് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു.

സൂപ്പര്‍ താരം ഇഷാന്‍ പണ്ഡിതയ്ക്കും അധികം അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ ലഭിച്ചിരുന്നില്ല. മിക്ക മത്സരങ്ങളും ബെഞ്ചിലായിരുന്ന താരത്തിന് പരിക്കും തിരിച്ചടിയായിരുന്നു. കഴിഞ്ഞ സീസണില്‍ ഗോള്‍ കീപ്പര്‍മാര്‍ക്ക് പരിക്കേറ്റ് സാഹചര്യത്തിലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്ന് ലോണില്‍ എത്തിയ കമല്‍ജിത് സിംഗ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാല്‍ ലോണ്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെ സ്വന്തം ക്ലബ്ബിലേക്ക് മടങ്ങും.

Content Highlights: Kerala Blasters FC announces Departures of Three Players

To advertise here,contact us