ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ അവസാന മത്സരത്തിൽ ഫുൾഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഇക്കായ് ഗുണ്ടോഗൻ, എർലിങ് ഹാലണ്ട് എന്നിവർ മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളുകൾ നേടി. നിർണായക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീഗ് ഫുട്ബോളിന് യോഗ്യതയും നേടി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായാണ് മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീഗിനുള്ള യോഗ്യത ഉറപ്പിച്ചത്. പോയിന്റ് ടേബിളിലെ ആദ്യ അഞ്ച് സ്ഥാനക്കാർ ഇംഗ്ലീഷ് ഫുട്ബോളിൽ നിന്നും യൂറോപ്പ്യൻ ചാംപ്യന്മാരാകാൻ മത്സരിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യന്മാരായ ലിവർപൂൾ, രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ, നാലാം സ്ഥാനത്തുള്ള ചെൽസി, അഞ്ചാമതുള്ള ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകളും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാംപ്യൻസ് ലീഗിന് യോഗ്യത നേടിയത്. ഇവരെ കൂടാതെ യുവേഫ യൂറോപ്പ ലീഗ് വിജയിച്ച ടോട്ടൻഹാമും ഇംഗ്ലീഷ് ഫുട്ബോളിൽ നിന്ന് ചാംപ്യൻസ് ലീഗിനെത്തും.
യുവേഫ യൂറോപ്പ ലീഗിലേക്ക് ആസ്റ്റൺ വില്ല, ക്രിസ്റ്റൽ പാലസ് ടീമുകൾ യോഗ്യത നേടി. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനക്കാരായതാണ് ആസ്റ്റൺ വില്ലയുടെ യൂറോപ്പ ലീഗ് യോഗ്യത ഉറപ്പാക്കിയത്. ഇംഗ്ലീഷ് എഫ് എ കപ്പ് വിജയമാണ് ക്രിസ്റ്റൽ പാലസിനെ യൂറോപ്പ ലീഗിലേക്ക് യോഗ്യരാക്കിയത്. യുവേഫ കോൺഫറൻസ് ലീഗ് ഫുട്ബോളിന് നോട്ടിങ്ഹാം ഫോറസ്റ്റും യോഗ്യത നേടി. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനക്കാരായതാണ് നോട്ടിങ്ഹാം ഫോറസ്റ്റിന് കോൺഫറൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയത്.
Content Highlights: Manchester City sealed Champions League qualification after defeating Fulham