പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് യാത്രയയപ്പ് നല്കിയതിന് പിന്നാലെ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. ബുണ്ടസ് ലീഗയിൽ ലെവർകൂസൻറെ പരിശീലകനായ സാബി അലോണ്സോയാണ് പുതിയ പരിശീലകനായി എത്തുക. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുണ്ടായിരിക്കുന്നുവെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.
2028 ജൂണിൽ അവസാനിക്കുന്ന മൂന്ന് വർഷത്തെ കരാറിലാണ് സാബി ഒപ്പുവച്ചത്. '2025 ജൂൺ 1 മുതൽ 2028 ജൂൺ 30 വരെ അടുത്ത മൂന്ന് സീസണുകളിലേക്ക് സാബി അലോൺസോ റയൽ മാഡ്രിഡ് പരിശീലകനായിരിക്കുമെന്ന് റയൽ മാഡ്രിഡ് സിഎഫ് സ്ഥിരീകരിച്ചു,' ലാ ലിഗ ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
റയൽ മാഡ്രിഡിനായി 2009 നും 2014 നും ഇടയിൽ 236 മത്സരങ്ങൾ കളിച്ച മുൻ താരം കൂടിയാണ് സാബി. യൂറോപ്യൻ കപ്പ്, യൂറോപ്യൻ സൂപ്പർ കപ്പ്, ലാ ലിഗ കിരീടം, രണ്ട് കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടുകയും ചെയ്തു. സ്പെയിനിനു വേണ്ടി, 2010 ഫിഫ ലോകകപ്പിലും 2008, 2012 യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും അടക്കം 113 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Content Highlights: Xabi Alonso: Real Madrid appoint Bayer Leverkusen boss