മേജർ ലീഗ് സോക്കറിൽ ഫിലാഡൽഫിയയോട് സമനില പിടിച്ച് ഇന്റർ മയാമി. മത്സരത്തിന്റെ 87 മിനിറ്റ് വരെയും 3-1ന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ മയാമി ശക്തമായി തിരിച്ചുവന്നത്. 87-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി ഫ്രീക്വിക്കിലൂടെ നേടിയ ഗോൾ ഇന്റർ മയാമിക്ക് ആവേശമായി. എങ്കിലും കഴിഞ്ഞ എട്ട് മത്സരങ്ങളിൽ വിജയം കാണാനായില്ലെന്നത് മെസ്സിക്കും സംഘത്തിനും തിരിച്ചടിയാണ്.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ഫിലാഡൽഫിയ ആദ്യ ഗോൾ നേടി. ക്വിൻ സല്ലിവൻ ആണ് ആദ്യം വലചലിപ്പിച്ചത്. 44-ാം മിനിറ്റിൽ തായ് ബാരിബോ വഴി ഫിലാഡൽഫിയയുടെ ഗോൾ നേട്ടം ഇരട്ടിയായി. 60-ാം മിനിറ്റിൽ ടാഡിയോ അല്ലെൻഡെ വഴി ഇന്റർ മയാമി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ 73-ാം മിനിറ്റിൽ തായ് ബാരിബോ വലചലിപ്പിച്ചതോടെ ഫിലാഡൽഫിയ 3-1ന് മുന്നിലായി.
പരാജയപ്പെട്ടെന്ന് കരുതിയിടത്ത് നിന്നുമാണ് 87-ാം മിനിറ്റിൽ മെസ്സി മാജികിൽ മയാമി തിരിച്ചുവന്നത്. ഗോൾപോസ്റ്റിന് പുറത്തായി ലഭിച്ച ഫ്രീക്വിക്ക് താരം കൃത്യമായി വലയിലാക്കി. ഇഞ്ച്വറി ടൈമിൽ 95-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയ കൂടി ഗോളടിച്ചതോടെ മത്സരം 3-3ന് സമനിലയിലായി. സീസണിൽ 14 മത്സരങ്ങൾ പിന്നിടുന്ന ഇന്റർ മയാമി ആറ് ജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 23 പോയിന്റ് നേടിയിട്ടുണ്ട്. എംഎൽഎസ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ഇന്റർ മയാമി.
Content Highlights: Messi goal sparks Inter Miami comeback in draw