UEFA യുറോപ്പ ലീ​ഗിൽ ടോട്ടൻഹാം ചാംപ്യന്മാർ; 17 വർഷത്തെ കിരീട ദാരിദ്രത്തിന് അവസാനം

41 വർഷത്തിന് ശേഷമാണ് ടോട്ടനം ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം സ്വന്തമാക്കുന്നത്

യുവേഫ യൂറോപ്പ ലീ​ഗ് ഫുട്ബോൾ ടൂർണമെന്റിൽ ടോട്ടൻഹാം ചാംപ്യന്മാർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തിയാണ് ടോട്ടൻഹാമിന്റെ കിരീടവിജയം. 17 വർഷത്തിന് ശേഷമാണ് ടോട്ടനം സംഘം ഒരു ഫുട്ബോൾ ലീ​ഗ് കിരീടം സ്വന്തമാക്കുന്നത്. 2008ൽ ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് കിരീടമാണ് ടോട്ടനം ഒടുവിൽ നേടിയ ചാംപ്യൻഷിപ്പ്. 41 വർഷത്തിന് ശേഷമാണ് ടോട്ടനം ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം സ്വന്തമാക്കുന്നത്. ഒടുവിൽ 1984ൽ യുവേഫ കപ്പിലാണ് ടോട്ടനം കിരീടം നേടിയത്.

മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു മുന്നിൽ. 74 ശതമാനം സമയവും യുണൈറ്റഡ് താരങ്ങൾ പന്ത് തട്ടി. 16 ഷോട്ടുകളാണ് യുണൈറ്റഡ് താരങ്ങൾ പായിച്ചത്. എന്നാൽ 26 ശതമാനം സമയം മാത്രം പന്ത് തട്ടിയ ടോട്ടനം താരങ്ങൾ മൂന്ന് ഷോട്ടുകൾ മാത്രമാണ് പായിച്ചത്.

42-ാം മിനിറ്റിൽ ബ്രണ്ണൻ ജോൺസൺ മത്സരത്തിലെ ഏക ​ഗോൾ നേടി. പേപ്പേ മാറ്റർ സാർ നൽകിയ ക്രോസ് ജോൺസൺ യുണൈറ്റഡ് ​ഗോൾകീപ്പർ ആന്ദ്രേ ഒനാനയുടെ പ്രതിരോധത്തെ മറികടന്ന് കാലുകൊണ്ട് ടാപ്പ് ചെയ്ത് വലയിലാക്കി. പിന്നീട് സമനില ​ഗോൾ കണ്ടെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. ഇതോടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത ഒരു ​ഗോളിന് ടോട്ടൻഹാം വിജയികളായി.

Content Highlights: Tottenham Hotspur beat Manchester United 1-0 to end 17-year trophy drought

To advertise here,contact us