സ്പാനിഷ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കുമായി അത്ലറ്റിക്കോ മഡ്രിഡിന്റെ ഇരുപത്തൊൻപതുകാരൻ സ്ട്രൈക്കർ അലക്സാണ്ടർ സോർലോത്ത്. റയൽ സോസിദാദിനെതിരായ മത്സരത്തിൽ 4 മിനിറ്റിനുള്ളിൽ താരം ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിൽ നാല് ഗോളുകൾ നേടുകയും ചെയ്തു. താരത്തിന്റെ മികവിൽ 4-0 നാണ് അത്ലറ്റിക്കോ ജയിച്ചത്.
7, 10, 11, 30 മിനിറ്റുകളിലായിരുന്നു ഗോളടി. 2000 ന് ശേഷം ലാലിഗയിൽ ഒന്നിലേറെ മത്സരങ്ങളിൽ 4 ഗോൾ നേടിയ കളിക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, ലൂയി സ്വാരസ് എന്നിവർക്കൊപ്പമെത്തി സോർലോത്ത്.
കഴിഞ്ഞ വർഷം വിയ്യാറയൽ താരമായിരിക്കെ റയൽ മഡ്രിഡിനെതിരെയും ഒരു മത്സരത്തിൽ 4 ഗോളുകൾ നേടിയിരുന്നു. ഇത്തവണ ലാലിഗ മത്സരത്തിൽ ബാഴ്സലോണയ്ക്കെതിരെ ഇൻജറി ടൈമിൽ അത്ലറ്റിക്കോയുടെ വിജയഗോളും നേടി. കോപ്പ ഡെൽ റെയിൽ ബാർസയ്ക്കെതിരെ ഇൻജറി ടൈമിൽ അത്ലറ്റിക്കോയ്ക്കായി സമനിലഗോൾ നേടിയതും സോർലോത്ത് തന്നെയായിരുന്നു.
17 ഗോളുകളുമായി ലാലിഗ ടോപ് സ്കോറർ പോരാട്ടത്തിൽ നാലാമതുണ്ട് സോർലോത്ത്. പോയിന്റ പട്ടികയിൽ ബാർസയ്ക്കും റയലിനും പിന്നിൽ മൂന്നാമതാണ് അത്ലറ്റിക്കോ.
Content Highlights: Sørloth Breaks LaLiga Record With Fastest Hat-Trick in History