കാര്‍ലോ ആഞ്ചലോട്ടി ഇനി ബ്രസീലിന്റെ പരിശീലകന്‍; ഈ സീസണോടെ റയല്‍ മാഡ്രിഡ് വിടും

ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി പ്രശസ്ത ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി നിയമിതനായി. നിലവില്‍ റയല്‍ മാഡ്രിഡിന്റെ കോച്ചായ ആഞ്ചലോട്ടി ടീമിനെ നയിക്കാന്‍ എത്തുമെന്നും കരാര്‍ ഒപ്പിട്ടെന്നും ബ്രസീല്‍ സ്ഥിരീകരിച്ചു. റയല്‍ മാഡ്രിഡിന്റെ ലാ ലിഗ സീസണ്‍ അവസാനിച്ചതിന് ശേഷം ആഞ്ചലോട്ടി ബ്രസീല്‍ കോച്ചായി ചുമതലയേല്‍ക്കും.

🚨🇧🇷 OFFICIAL: Brazil confirm Carlo Ancelotti will become the new head coach of the Seleçao.Contract sealed, Ancelotti will leave Real Madrid and lead the Seleçao to the 2026 World Cup. pic.twitter.com/ovmbPGJGf8

റയല്‍ സോസിഡാഡിനെതിരായ അവസാന ലീഗ് മത്സരത്തിന് ശേഷം 65കാരനായ ആഞ്ചലോട്ടി റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഞ്ചലോട്ടിയുടെ ബെര്‍ണബ്യൂവില്‍ നിന്നുമുള്ള വിടവാങ്ങല്‍ പദ്ധതികള്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ പുറത്തുപോകല്‍ ഔദ്യോഗികമായി റയല്‍ മാഡ്രിഡ് അറിയിക്കും. തുടര്‍ന്ന് ബയര്‍ ലെവര്‍കൂസന്റെ പരിശീലകനായ സാബി അലോണ്‍സോയെ പുതിയ ഹെഡ് കോച്ചായി റയല്‍ സ്ഥിരീകരിക്കും.

അതേസമയം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. ഡോറിവല്‍ ജൂനിയറിന്റെ പകരക്കാരനായാണ് ആഞ്ചലോട്ടി ബ്രസീല്‍ ടീമിലെത്തുന്നത്. ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഡോറിവലിനെ ബ്രസീല്‍ പുറത്താക്കിയത്.

2026ലെ ഫിഫ ലോകകപ്പിനായുള്ള ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ആഞ്ചലോട്ടി ടീമിനെ പരിശീലിപ്പിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ ആറാം കിരീടം നേടുകയെന്നതാണ് ബ്രസീലിന്റെ ലക്ഷ്യം. ജൂണ്‍ 6 ന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീലിന്റെ പരിശീലകനെന്ന നിലയില്‍ ആഞ്ചലോട്ടിയുടെ ആദ്യ മത്സരം.

Content Highlights: Carlo Ancelotti set to leave Real Madrid to coach Brazil

To advertise here,contact us