ആന്‍ഫീല്‍ഡില്‍ ബലാബലം; ലിവര്‍പൂളും ആഴ്‌സണലും സമനിലയില്‍ പിരിഞ്ഞു

രണ്ടാം പകുതിയില്‍ ആഴ്‌സണല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ആഴ്‌സണലും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ആന്‍ഫീല്‍ഡില്‍ നടന്ന ആവേശ മത്സരത്തിനൊടുവില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. കോഡി ഗാക്‌പോ, ലൂയിസ് ഡയസ് എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി ഗോളടിച്ചപ്പോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും മൈക്കല്‍ മെറീനോയും ഗണ്ണേഴ്‌സിന് വേണ്ടിയും ലക്ഷ്യം കണ്ടു.

It ends level at Anfield. #LIVARS pic.twitter.com/rTowLO2fw7

സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ കോഡി ഗാക്‌പോയിലൂടെ ലിവര്‍പൂള്‍ തന്നെയാണ് ആദ്യം ലീഡെടുത്തത്. 20-ാം മിനിറ്റില്‍ ഗാക്‌പോ എടുത്ത ലീഡ് തൊട്ടടുത്ത മിനിറ്റില്‍ ലൂയിസ് ഡയസ് ഇരട്ടിയാക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ ആഴ്‌സണല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ഗണ്ണേഴ്‌സ് തിരിച്ചടിച്ചു. 70-ാം മിനിറ്റില്‍ മിക്കേല്‍ മെറിനോ ആഴ്‌സണലിന്റെ സമനില ഗോള്‍ നേടി.

79-ാം മിനിറ്റില്‍ മെറിനോ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും ആഴ്‌സണല്‍ സമനില കൈവിടാതെ കളിച്ചു. മത്സരത്തിന്റെ അവസാന നിമിഷം ലിവര്‍പൂളിന് വേണ്ടി റോബര്‍ട്‌സണ്‍ ഗോള്‍ നേടിയെങ്കിലും മുന്നേറ്റത്തിനിടെ കൊണാറ്റെയെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് നിഷേധിക്കപ്പെട്ടു.

നേരത്തെ തന്നെ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച ലിവര്‍പൂള്‍ 83 പോയിന്റ് സ്വന്തമാക്കി. 68 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്‌സണല്‍. ശേഷിക്കുന്ന 2 മത്സരങ്ങളില്‍ നിന്ന് 2 പോയിന്റ് കൂടെ നേടിയാല്‍ മാത്രമാണ് ആഴ്‌സണലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ സാധിക്കുക.

Content Highlights: Arsenal holds Premier League champion Liverpool to 2-2 draw

To advertise here,contact us