ഒടുവില്‍ ആ കടവും ബ്ലാസ്‌റ്റേഴ്‌സ് വീട്ടി; ചെന്നൈയിന്റെ തട്ടകത്തില്‍ ഐഎസ്എല്ലിലെ ആദ്യ വിജയം

ചെന്നൈയിനെതിരായ വിജയത്തോടെ സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ചെന്നൈയിനെതിരായ വിജയത്തോടെ സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

ചെന്നൈയിന്റെ സ്വന്തം തട്ടകത്തില്‍ ഇതുവരെ വിജയം സ്വന്തമാക്കിയില്ലെന്ന ചീത്തപ്പേരും ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തിരുത്തിക്കുറിച്ചു. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ചെന്നൈയിന്റെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ വിജയമാണ് ഇന്ന് പിറന്നത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസ്, കോറോ സിങ്, ക്വാമെ പെപ്ര എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം വിന്‍സി ബാരറ്റോ ചെന്നൈയിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

ചെന്നൈയിന്റെ കാണികളെ നിശബ്ദമാക്കി മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ജിമിനസാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സ്‌കോറിങ് തുറന്നത്. 37ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചിനെ ഫൗള്‍ ചെയ്തതിന് ചെന്നൈ ഡിഫന്‍ഡര്‍ വില്‍മര്‍ ജോര്‍ദാന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ ചെന്നൈയിന്‍ എഫ്‌സി പത്തുപേരായി ചുരുങ്ങി.

ഈ ആനുകൂല്യം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കൃത്യമായി സാധിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് കോറോ സിങ്ങിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

Also Read:

Football
ഗോളടിച്ച് ജീസസും കോറോയും; ചെന്നൈയിനെതിരായ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സ് 56-ാം മിനിറ്റില്‍ ക്വാമെ പെപ്രയിലൂടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ലൂണയുടെ അസിസ്റ്റാണ് മൂന്നാം ഗോളിനും വഴിയൊരുക്കിയത്. പിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഇഞ്ചുറി ടൈമില്‍ വിന്‍സി ബാരറ്റോയിലൂടെ ചെന്നൈയിന്‍ ആശ്വാസ ഗോള്‍ നേടി.

സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഏഴാമത്തെ വിജയമാണ് ഇത്. 19 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ലീഗ് ടേബിളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് കൊമ്പന്മാര്‍. 19 മത്സരങ്ങളില്‍ 18 പോയിന്റുള്ള ചെന്നൈയിന്‍ പത്താമതാണ്.

Content Highlights: ISL 2024-25: Kerala Blasters FC beats Chennaiyin FC

To advertise here,contact us