വയനാടൻ ജീവിതങ്ങൾക്ക് ഇംഗ്ലണ്ടിൽ ആദരാഞ്ജലിയുമായി മുത്തൂറ്റ് ഫുട്ബോൾ

'നെക്സ്റ്റ് ജനറേഷൻ കപ്പ്' കളിക്കുന്ന മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികളാണ് കൈയിൽ കറുത്ത ബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയത്

മലപ്പുറം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണമടഞ്ഞ ജനതയ്ക്ക് ഇംഗ്ലണ്ടിലെ ഫുട്ബോൾ മൈതാനത്ത് ആദരാഞ്ജലി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ 21 വയസിൽ താഴെയുള്ള താരങ്ങൾക്കായി നടത്തുന്ന 'നെക്സ്റ്റ് ജനറേഷൻ കപ്പ്' കളിക്കുന്ന മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികളാണ് കൈയിൽ കറുത്ത ബാൻഡ് ധരിച്ച് ആദരാഞ്ജലി അർപ്പിച്ചത്. ആം ബാൻഡ് ധരിച്ച് മുത്തൂറ്റ് കളിക്കാനിറങ്ങിയതിന്റെ കാരണം കമന്റേറ്റർമാർ വിശദീകരിച്ചു.

ബോഡിമൂർ ട്രെയിനിങ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എവർട്ടൻ എഫ് സി മുത്തൂറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഞായറാഴ്ച വരെയാണ് നെക്സ്റ്റ് ജനറേഷൻ കപ്പ് മത്സരങ്ങൾ നടക്കുക. എട്ട് ടീമുകൾ ടൂർണമെന്റിന്റെ ഭാഗമാകും. ആസ്റ്റൻ വില്ല, ക്രിസ്റ്റൽ പാലസ്, എവർട്ടൻ, ടോട്ടനം ഹോട്സ്പർ തുടങ്ങിയ ടീമുകൾ ഇംഗ്ലണ്ടിൽ നിന്നും ടൂർണമെന്റിൽ പങ്കെടുക്കും. ആഫ്രിക്കയിൽ നിന്ന് സ്റ്റെല്ലൻബോഷ് എഫ് സി മത്സരിക്കും. ഇന്ത്യയിൽ നിന്ന് മുത്തൂറ്റിനൊപ്പം പഞ്ചാബ് എഫ് സി, ഈസ്റ്റ് ബംഗാൾ എഫ് സി എന്നീ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കും.

LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ

മുംബൈയിൽ നടന്ന റിലൈൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കാണ് ഇന്ത്യയിൽ നിന്നും നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഇംഗ്ലീഷ് ക്ലബ് ആസ്റ്റൻ വില്ലയുടെ മൈതാനങ്ങളായ ബോഡിമൂർ ട്രെയിനിങ് ഗ്രൗണ്ട്, ലഫ്ബറ യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

To advertise here,contact us