ഒളിംപിക്സ് ഫുട്ബോളിൽ അർജന്റീനയുടെ തോൽവി; പ്രതികരിച്ച് ലയണൽ മെസ്സി

ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം

പാരിസ്: പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തിലെ അർജന്റീനയുടെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സീനിയർ ടീം നായകൻ ലയണൽ മെസ്സി. സമനിലയിലായെന്ന് കരുതിയ മത്സരം രണ്ട് മണിക്കൂർ നീണ്ട വാർപരിശോധനയ്ക്ക് ശേഷമാണ് അർജന്റീന പരാജയപ്പെട്ടത്. പിന്നാലെ 'ഇൻസോലിറ്റോ' എന്ന് മെസ്സി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി കുറിക്കുകയായിരുന്നു. സ്പാനിഷ് വാക്കായ ഇൻസോലിറ്റോയുടെ അർത്ഥം അസാധാരണം, അപൂർവ്വം എന്നിങ്ങനെയാണ്.

മൊറോക്കയ്ക്കെതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ 106-ാം മിനിറ്റിലാണ് അർജന്റീന സമനില ​ഗോൾ നേടിയത്. മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതി. മത്സരം അവസാനിച്ചതിന് പിന്നാലെ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറുകയും ചെയ്തു. പിന്നാലെയാണ് വാർപരിശോധനയിൽ അർജന്റീനൻ താരം ക്രിസ്റ്റിയന്‍ മെദിന ഓഫ് സൈഡിൽ ആയിരുന്നുവെന്ന് കണ്ടെത്തിയത്.

Lionel Messi reacts to men's #Football opener at #Paris2024 where Argentina lost 2-1 to Morocco, a match which involved pitch invasion and a late Cristian Medina equaliser being ruled out due to offside play in the build-up👀 pic.twitter.com/HVjdLDuHKH

സ്റ്റേഡിയത്തിൽ നിന്ന് കാണികളെ പൂർണമായി ഒഴിപ്പിച്ച ശേഷം മത്സരം മൂന്ന് മിനിറ്റ് കൂടെ നടത്തുകയും ചെയ്തു. ഈ സമയത്ത് വീണ്ടുമൊരു സമനില ​ഗോൾ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ മത്സരം മൊറോക്കോ വിജയിച്ചു. ഇതോടെ രണ്ടാം റൗണ്ടിലേക്ക് എത്തണമെങ്കിൽ അർജന്റീനയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കണം.

To advertise here,contact us