ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാർക്വേസ്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റേതാണ് പ്രഖ്യാപനം. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയുടെ പരിശീലകനാണ് മാർക്വേസ്. സ്പെയിൻ സ്വദേശിയായ മാർക്വേസ് മുമ്പ് ഐഎസ്എല്ലില് ഹൈദരാബാദ് എഫ്സിയെയും കളി പഠിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പരിശീലകനാകുന്നതിനൊപ്പം എഫ് സി ഗോവയെയും മാർക്വേസ് തന്നെ കളിപഠിപ്പിക്കുമെന്നാണ് സൂചന.
മൂന്ന് വർഷത്തേയ്ക്കാണ് മാർക്വേസിന് ഇന്ത്യൻ പരിശീലകസ്ഥാനത്തേയ്ക്ക് നിയമിച്ചിരിക്കുന്നത്. 2021-22 സീസണില് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ഹൈദരാബാദ് നേടുമ്പോൾ മാർക്വേസ് ആയിരുന്നു പരിശീലകൻ. പിന്നാലെ തുടർച്ചയായ രണ്ട് സീസണുകളിൽ മാര്ക്വേസ് ഹൈദരാബാദിനെ പ്ലേ ഓഫിലും എത്തിച്ചിരുന്നു. ഒക്ടോബറില് നടക്കുന്ന ത്രിരാഷ്ട്ര ടൂര്ണമെന്റോടെ സ്പാനിഷ് മാനേജർ ഇന്ത്യൻ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തേക്കും.
കഴിഞ്ഞ മാസമാണ് ക്രൊയേഷ്യൻ മാനേജർ ഇഗോർ സ്റ്റിമാക് ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് എത്താൻ കഴിയാതെ വന്നതോടെയാണ് സ്റ്റിമാകിനെ എഐഎഫ്എഫ് പുറത്താക്കിയത്. 2026 ജൂൺ വരെ ഇന്ത്യൻ പരിശീലകനായി സ്റ്റിമാകിന് കാലാവധി നിലനിൽക്കെ ആയിരുന്നു എഐഎഫ്എഫിന്റെ തീരുമാനം.