ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയില്‍ വമ്പന്‍ വിജയത്തോടെ കൊളംബിയ സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ പനാമയ്ക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കൊളംബിയയുടെ വിജയം. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ജെയിംസ് റോഡ്രിഗസ് കളംനിറഞ്ഞു. ഇതോടെ പരാജയം അറിയാതെ 27 മത്സരങ്ങള്‍ കൊളംബിയ പൂര്‍ത്തിയാക്കി.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഹെഡറില്‍ നിന്ന് ജോണ്‍ കോര്‍ഡോബയാണ് കൊളംബിയയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 15-ാം മിനിറ്റില്‍ കൊളംബിയയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ജോണ്‍ അരിയാസിനെ പനാമ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ മോസ്ക്വേര ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത റോഡ്രിഗസ് കൃത്യമായി വലയിലത്തിച്ചു.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലൂയിസ് ഡയസ് കൊളംബിയയുടെ മൂന്നാം ഗോളും നേടി. ഡയസിന്റെ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗസായിരുന്നു. റോഡ്രിഗസ് നല്കിയ ക്രോസ് തടുക്കാന്‍ മുന്നോട്ടുവന്ന ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഡയസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. പനാമയുടെ ഗോള്‍ശ്രമങ്ങള്‍ കൊളംബിയയുടെ ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗസ് കിടിലന്‍ സേവുകളുമായി പ്രതിരോധിച്ചു.
രണ്ടാം പകുതിയില്‍ 70-ാം മിനിറ്റില്‍ കൊളംബിയയുടെ നാലാം ഗോളും പിറന്നു. ലോങ് റേഞ്ചറിലൂടെ റിച്ചാര്‍ഡ് റിയോല്‍ ഗോള്‍ നേടി. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിഗ്വെല്‍ ബോര്‍ഹ കൊളംബിയയുടെ വിജയം പൂര്‍ത്തിയാക്കി.