വിജയത്തുടർച്ചയുമായി ഒഡീഷ; ജംഷഡ്പൂരിനെ ഒരു ഗോളിന് തോൽപ്പിച്ചു

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ആക്രമവുമായി മുന്നേറി.

ജംഷഡ്പൂർ: എഎഫ്സി കപ്പില് മോഹന് ബഗാനെ തകര്ത്തതിന് പിന്നാലെ ഐഎസ്എല്ലിലും വിജയക്കുതിപ്പ് തുടര്ന്ന് ഒഡിഷ എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പൂര് എഫ് സിയെയാണ് ഇന്ന് ഒഡീഷൻ സംഘം തോൽപ്പിച്ച് വിട്ടത്. വിജയത്തോടെ ഐഎസ്എൽ പോയിന്റ് ടേബിളില് മൂന്നാം സ്ഥാനത്തേയ്ക്ക് ഉയരാനും ഒഡിഷ എഫ് സിക്ക് കഴിഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ആക്രമവുമായി മുന്നേറി. എങ്കിലും ആർക്കും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ വഴിത്തിരിവായ ഗോൾ പിറന്നത്. 56-ാം മിനിറ്റില് ഫിജിയൻ സ്ട്രൈക്കര് റോയ് കൃഷ്ണ ഒഡിഷയ്ക്കായി വിജയ ഗോൾ നേടി. സമനില പിടിക്കാന് ജംഷഡ്പൂര് ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഒഡിഷൻ പ്രതിരോധം മറികടന്നില്ല.

ഏഴ് മത്സരങ്ങളില് നിന്ന് നാല് ജയവും ഒരു സമനിലയുമടക്കം 13-പോയിന്റാണ് ഒഡീഷയ്ക്കുള്ളത്. എട്ട് മത്സരങ്ങളില് നിന്ന് ഒരു ജയം മാത്രമുള്ള ജംഷഡ്പൂർ പത്താം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില് നിന്ന് 17-പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

To advertise here,contact us