ജക്കാർത്ത: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി ജർമ്മനി. ആവേശം നിറഞ്ഞുനിന്ന കലാശപ്പോരിൽ ഫ്രാൻസിനെ കീഴടക്കിയാണ് ജർമ്മനി ലോകചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് സ്കോർ 2-2ന് സമനിലയിലായപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. 4-3ന് ഷൂട്ടൗട്ടിൽ ജർമ്മനി ഫ്രാൻസിനെ കീഴടക്കി. ഇതാദ്യമായാണ് ജർമ്മനി അണ്ടർ 17 ലോകകപ്പിന്റെ ചാമ്പ്യന്മാരാകുന്നത്. ഓരേ വർഷം അണ്ടർ 17 ലോകകപ്പും യൂറോ ചാമ്പ്യൻഷിപ്പും നേടുന്ന ആദ്യ ടീമായി ജർമ്മനി.
ഖത്തറിലെ ലോകകപ്പ് ഫൈനൽ ഓർമിപ്പിക്കും വിധമായിരുന്നു അണ്ടർ 17 ലോകകപ്പിന്റെയും ഫൈനൽ നടന്നത്. ആദ്യം ജർമ്മനി രണ്ട് ഗോളിന് മുന്നിലെത്തി. അതിൽ ആദ്യത്തെ ഗോൾ പിറന്നത് പെനാൽറ്റിയിലൂടെയാണ്. 29-ാം മിനിറ്റിൽ പാരീസ് ബ്രണ്ണർ ജർമ്മനിയെ മുന്നിലെത്തിച്ചു. ഈ ഒരൊറ്റ ഗോളിൽ ആദ്യ പകുതി അവസാനിച്ചു.
ഓസീസ് പരമ്പരയിലെ മികച്ച പ്രകടനത്തിന് കടപ്പാട് ധോണിയോട്: റുതുരാജ് ഗെയ്ക്ക്വാദ്
രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാടകീയത ഉണ്ടായത്. 51-ാം മിനിറ്റിൽ നോഹ ഡാർവിച്ച് ജർമ്മനിയെ വീണ്ടും മുന്നിലെത്തിച്ചു. 2-0ത്തിന്റെ ലീഡ് ജർമ്മനിക്ക് വലിയ ആത്മവിശ്വാസം നൽകി. പക്ഷേ പിന്നീടങ്ങോട്ട് ജർമ്മനി മത്സരം കൈവിട്ടു തുടങ്ങി. ഫ്രാൻസിന്റെ ആദ്യ മറുപടി 53-ാം മിനിറ്റിൽ വന്നു. സൈമൺ നഡെലിയ ബൗബ്രെ വലചലിപ്പിച്ചു. സമനില ഗോളിനായി ഫ്രാൻസിന് 85-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മാത്തിസ് അമുഗൗ ഫ്രാൻസിനെ ജർമ്മൻ പടയ്ക്കൊപ്പമെത്തിച്ചു.
'കോഹ്ലിയുടെ ഗുണങ്ങൾ ഉണ്ടെങ്കിൽ ഏത് താരത്തേക്കാളും ഉയരത്തിലാകും' ബ്രയാൻ ലാറ
അവസാന അഞ്ച് മിനിറ്റിലും 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിലും ഫ്രാൻസിന്റെ തുടർ ആക്രമണങ്ങളുണ്ടായി. ജർമ്മൻ പ്രതിരോധത്തിന്റെ കരുത്ത് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി. ഇരു ടീമുകളും മൂന്ന് കിക്കുകൾ വലയിൽ എത്തിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. ആറാമത്തെ കിക്ക് ഫ്രാൻസ് നഷ്ടപ്പെടുത്തിയപ്പോൾ ജർമ്മനി വലയിലെത്തിച്ചു. ഇതോടെ ഖത്തർ ആവർത്തിച്ചു. ഫ്രാൻസ് ഫൈനലിൽ കീഴടങ്ങി. 2014ൽ ലോകകപ്പ് നേടിയതിന് ശേഷം സമാനതകളില്ലാത്ത തകർച്ച നേരിടുന്ന ജർമ്മൻ ഫുട്ബോളിന് പ്രതീക്ഷ പകരുന്നതാണ് ജൂനിയർ താരങ്ങളുടെ ലോകകിരീടം.