റിയാദ്: സൗദി പ്രോ ലീഗിലെ മോശം പ്രകടനത്തിൽ മാനേജർ നുനോ സാന്റോസിനെ പുറത്താക്കി നിലവിലത്തെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദ്. സീസണിൽ 12 മത്സരങ്ങൾ പിന്നിടുമ്പോൾ അൽ ഇത്തിഹാദിന് ആറ് വിജയങ്ങൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇറാഖ് ടീമായ എയർ ഫോഴ്സ് ക്ലബിനോട് ഇത്തിഹാദ് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാനേജരെ പുറത്താക്കിയത്.
2022 ജൂലൈയിലാണ് നുനോ ഇത്തിഹാദിന്റെ മാനേജരായത്. എട്ട് മാസം മുമ്പ് ഇംഗ്ലീഷ് ക്ലബായ ടോട്ടനവും നുനോയെ പുറത്താക്കിയിരുന്നു. 2017 മുതൽ 2021 വരെ വോൾവ്സിന്റെ മാനേജരായിരുന്നു നുനോ. എന്നാൽ പോർച്ചുഗീസ് മാനേജർക്ക് ടോട്ടനത്തിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
റയൽ മാഡ്രിഡ് താരമായിരുന്ന കരീം ബെൻസീമ ഇത്തിഹാദിലെത്തിയപ്പോൾ നുനോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വലിയ ചർച്ചയായിരുന്നു. ബെൻസീമയെ ഇത്തിഹാദിൽ എത്തിക്കുന്നതിനോടും നായക സ്ഥാനം നൽകുന്നതിനോടും നുനോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.