'ഡെഡ്ലി ഡോകു'; തകര്പ്പന് വിജയവുമായി സിറ്റി, ലീഗില് ഒന്നാമത്

ഇത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒരു ഗോളും നാല് അസിസ്റ്റുമായി ബെല്ജിയന് താരം ജെറെമി ഡോകു തിളങ്ങി

മാഞ്ചസ്റ്റര്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയ്ക്ക് വമ്പന് വിജയം. ബോണ്മൗത്തിനെ ഒന്നിനെതിരെ ആറ് ഗോളുകള്ക്കാണ് സിറ്റി തകര്ത്തെറിഞ്ഞത്. ഇത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒരു ഗോളും നാല് അസിസ്റ്റുമായി ബെല്ജിയന് താരം ജെറെമി ഡോകു തിളങ്ങി.

30-ാം മിനിറ്റില് ഡോകു തന്നെയാണ് സിറ്റിയുടെ ഗോള് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 33-ാം മിനിറ്റില് ബെര്ണാഡോ സില്വയും 37-ാം മിനിറ്റില് മാനുവേല് അകാഞ്ചിയും ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ലീഡ് മൂന്നായി ഉയര്ന്നു. ഇരുവരുടെയും ഗോളിന് അസിസ്റ്റ് നല്കിയത് ഡോകു ആയിരുന്നു. രണ്ടാം പകുതിയില് ഫില് ഫോഡനും സിറ്റിയ്ക്ക് വേണ്ടി ഗോളടിച്ചു. 64-ാം മിനിറ്റില് പിറന്ന നാലാം ഗോളിനും വഴിയൊരുക്കിയത് ഡോകു തന്നെയായിരുന്നു.

74-ാം മിനിറ്റില് ലൂയിസ് സിനിസ്റ്റെറയിലൂടെ ബോണ്മൗത്ത് ആശ്വാസഗോള് നേടി. എന്നാല് സിറ്റിയുടെ ആക്രമണത്തിന് ഒരു കുറവും വന്നില്ല. 83-ാം മിനിറ്റില് ബെര്ണാഡോ സില്വ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി. ഡോകുവിന്റെ അസിസ്റ്റിലായിരുന്നു സിറ്റി അഞ്ചാം ഗോളും കണ്ടെത്തിയത്. 88-ാം മിനിറ്റില് നഥാന് അകെയുടെ ഗോളോടെ സിറ്റിയുടെ പട്ടിക പൂര്ത്തിയാക്കി.

വിജയത്തോടെ സിറ്റി ലീഗില് ഒന്നാമതെത്തി. 11 മത്സരങ്ങളില് നിന്ന് 27 പോയിന്റാണ് സിറ്റിയ്ക്കുള്ളത്. ബോണ്മൗത്ത് ആറ് പോയിന്റുമായി 17-ാം സ്ഥാനത്താണ്.

To advertise here,contact us