മാഡ്രിഡ്: അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി വീണ്ടും ബാഴ്സലോണ ജഴ്സിയിൽ കളിക്കുമോ? എംഎൽഎസ് സീസണിന് ശേഷം ലോൺ അടിസ്ഥാനത്തിൽ ഇതിഹാസ താരത്തെ ബാഴ്സയിലേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നത് . ഈ വർഷം ജൂണിൽ പിഎസ്ജി വിട്ട മെസ്സിയെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. തുടർന്ന് യൂറോപ്പ് വിട്ട് മെസ്സി അമേരിക്കൻ ക്ലബായ ഇന്റർ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു.
മെസ്സി എത്തിയ ശേഷം ലീഗ്സ് കപ്പിൽ ഇന്റർ മയാമി വിജയികളായി. എന്നാൽ മേജർ ലീഗ് സോക്കറിൽ പരിക്കിനെ തുടർന്ന് മെസ്സി കളിക്കുന്നില്ല. ഇതോടെ വിജയം കണ്ടെത്താൻ വിഷമിക്കുന്ന ഇന്റർ മയാമി മേജർ ലീഗ് സോക്കറിൽ പുറത്താകൽ ഭീഷണി നേരിടുകയാണ്. രണ്ടാം റൗണ്ട് കാണാതെ മയാമി പുറത്തായാൽ ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ മെസ്സി ബാഴ്സയിലെത്തുമെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.
അർജന്റീനയിലെ റൊസാരിയോ ആസ്ഥാനമായ ഓൾഡ് ന്യൂവെൽസിൽ വച്ച് വിരമിക്കണമെന്ന ആഗ്രഹം മെസ്സി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഇന്റർ മയാമിയിൽ കരാർ അവസാനിച്ച ശേഷം തന്റെ ആദ്യ ക്ലബിലേക്ക് എത്താനാണ് മെസ്സിയുടെ ആഗ്രഹം. പതിനൊന്നാം വയസ്സിൽ ഓൾഡ് ന്യൂവെൽസിൽ നിന്നാണ് മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സയിലേക്ക് എത്തിയത്. രണ്ട് ദശാബ്ദം നീണ്ട കരിയറായിരുന്നു സ്പാനിഷ് ക്ലബായ ബാഴ്സയിൽ മെസ്സിയുടേത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക