ചരിത്രത്തിലാദ്യം; എഎഫ്സി ഏഷ്യന് കപ്പ് നിയന്ത്രിക്കാന് വനിതാ റഫറിമാര്

2024 ജനുവരി 12 മുതല് ഫെബ്രുവരി പത്ത് വരെയാണ് എഎഫ്സി ഏഷ്യന് കപ്പ് നടക്കുന്നത്

എഎഫ്സി ഏഷ്യന് കപ്പിന്റെ ചരിത്രത്തിലാദ്യമായി വനിതാ റഫറിമാര് എത്തുന്നു. അടുത്ത വര്ഷം ഖത്തറില് നടക്കാനിരിക്കുന്ന ടൂര്ണമെന്റില് ജപ്പാന് സ്വദേശിയായ യോഷിമി യമാഷിറ്റ ഉള്പ്പടെയുള്ള അഞ്ച് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കാനെത്തുക. 2022 ഖത്തര് ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ആറ് വനിതാ റഫറിമാരില് ഒരാളാണ് യോഷിമി യമാഷിറ്റ. 35 റഫറിമാരും 39 അസിസ്റ്റന്റ് റഫറിമാരെയുമാണ് 18 അംഗ അസോസിയേഷന് തിരഞ്ഞെടുത്തത്.

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുരുഷ ദേശീയ ടീം ടൂര്ണമെന്റായ എഎഫ്സി ഏഷ്യന് കപ്പിന്റെ ചരിത്രത്തില് ആദ്യമായാണ് മാച്ച് ഒഫീഷ്യല്സായി സ്ത്രീകളെത്തുന്നത്. ഏറ്റവും പരിചയസമ്പത്തുള്ള പുരുഷ റഫറിമാരെയും എഎഫ്സി ഏഷ്യന് കപ്പിന് വേണ്ടി നിയമിച്ചിട്ടുണ്ട്. ഇറാനിയന് റഫറിയായ അലിറെസ ഫഗാനി മൂന്നാം തവണയാണ് എഎഫ്സി ഏഷ്യന് കപ്പ് മത്സരങ്ങള് നിയന്ത്രിക്കുന്നതിന് എത്തുന്നത്.

2024 ജനുവരി 12 മുതല് ഫെബ്രുവരി പത്ത് വരെയാണ് എഎഫ്സി ഏഷ്യന് കപ്പ് നടക്കുന്നത്. ജനുവരി 13ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഖത്തറിലെ എജുക്കേഷന് സിറ്റി സ്റ്റേഡിയം, അല് ജനൂബ് സ്റ്റേഡിയം, ജാസിം ബിന് ഹമദ് സ്റ്റേഡിയം, അല് ബൈത്ത് സ്റ്റേഡിയം, ഖലീഫ ഇന്റര്നാഷണല് സ്റ്റേഡിയം, അഹമ്മദ് ബിന് അലി സ്റ്റേഡിയം, അല് തുമാമ സ്റ്റേഡിയം, അബ്ദുല്ല ബിന് ഖലീഫ സ്റ്റേഡിയം എന്നിങ്ങനെ എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള് നടക്കുക. ഇതിലെ ആറ് വേദികള് 2022 ഫിഫ ലോകകപ്പില് ഉപയോഗിച്ചിരുന്നു.

To advertise here,contact us