അവസാനം മിനിറ്റിലേക്ക് നീണ്ട ആവേശം; ഒറ്റ ഗോളിന് ബ്രസീലിന് ജയം

മുന്നേറ്റ നിരയുടെ പോരായ്മകൾ പെറുവിന്റെ അട്ടിമറി മോഹങ്ങൾക്ക് തിരിച്ചടിയായി

പെറു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. വിരസമായ സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ പെറുവിന് കഴിഞ്ഞു. എങ്കിലും മുന്നേറ്റ നിര ഉണർന്ന് കളിക്കാതിരുന്നത് പെറുവിന്റെ അട്ടിമറി മോഹങ്ങൾക്ക് തിരിച്ചടിയായി. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അർജന്റീനയാണ് രണ്ടാമത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. 17-ാം മിനിറ്റിൽ റാഫീന്യ വലചലിപ്പിച്ചെങ്കിലും റോഡ്രിഗോ ഓഫ്സൈഡിലായിരുന്നു. ബ്രസീൽ മുന്നേറ്റം വീണ്ടും തുടർന്നു. 29-ാം മിനിറ്റിൽ റിച്ചാർലിസൺ വീണ്ടും വലചലിപ്പിച്ചു. നിർഭാഗ്യം ഇത്തവണയും ഓഫ്സൈഡിന്റെ രൂപത്തിലെത്തി. ബ്രസീലിന്റെ ഗോൾ നിഷേധിക്കപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി. ബ്രസീലും പെറുവും എതിരാളിയുടെ പോസ്റ്റിലേക്ക് പന്തുമായെത്തി. പക്ഷേ ആർക്കും ഗോൾ വല ചലിപ്പിക്കാനായില്ല. ബ്രസീലിന്റെ മുന്നേറ്റങ്ങൾക്ക് പെറുവിന്റെ പ്രതിരോധം തടസമുണ്ടാക്കി. മറുവശത്ത് പെറുവാകട്ടെ പന്ത് ഫിനിഷിങ്ങിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ 90-ാം മിനിറ്റിൽ നെയ്മറിന്റെ കോർണർ കിക്ക് തകര്പ്പൻ ഹെഡററിലൂടെ മാർക്കിഞ്ഞോസ് വലയിലെത്തിച്ചു. അഞ്ച് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിൽ പെറുവിന് സമനില ഗോൾ കണ്ടെത്താനായില്ല. ബ്രസീൽ ഒരു ഗോളിന്റെ ജയം ആഘോഷിച്ചു.

pic.twitter.com/TTuarAPuUt

To advertise here,contact us