ചാമ്പ്യൻസ് ലീഗ് യൂറോപ്പിന്റേത്; സൗദി ക്ലബുകൾ വേണ്ടെന്ന് യുവേഫ

സൗദി പയറ്റുന്നത് ചൈന പരാജയപ്പെട്ട തന്ത്രമെന്നും അലക്സാണ്ടർ സെഫറിൻ

മൊണാക്കോ: സൗദി ക്ലബുകൾ ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നിർണയ വേദിയിലാണ് യുവേഫ പ്രസിഡന്റിന്റെ പ്രതികരണം. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ യൂറോപ്പിൽ നിന്നുള്ള ക്ലബുകൾക്ക് മാത്രമാണ് കളിക്കാൻ കഴിയുക. സൗദിക്ക് സമാന സാഹചര്യം നമ്മൾ ചൈനയിലും കണ്ടു. താരങ്ങൾ കരിയറിന്റെ അവസാനം എത്തുമ്പോൾ വലിയ തുകയ്ക്ക് അവരെ ചൈനയിലേക്ക് എത്തിച്ചു. പക്ഷേ ചൈനീസ് ഫുട്ബോളിന് ഉയർച്ച ഉണ്ടായില്ല. കിലിയൻ എംബാപ്പയും എർലിങ് ഹാളണ്ടും സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും യുവേഫ പ്രസിഡന്റ് വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗ് ഫൈനലിന് സൗദി വേദിയാകുമെന്ന വാർത്തകളും സെഫറിൻ നിഷേധിച്ചു. ഫൈനൽ വേദി തീരുമാനിക്കുന്നത് യുവേഫയാണ്. ആരുടെയും താൽപ്പര്യങ്ങൾക്ക് അനുസരിച്ച് വേദി മാറ്റാൻ കഴിയില്ല. സൗദി ലീഗിലേക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത് യൂറോപ്പ്യൻ ഫുട്ബോളിന് ഭീഷണി അല്ലെന്നും അലക്സാണ്ടർ സെഫറിൻ കൂട്ടിച്ചേർത്തു.

പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ വൻതാര നിരയാണ് യൂറോപ്പ് വിട്ട് സൗദി ലീഗിലേക്ക് എത്തിയിരുന്നു. കരീം ബെൻസീമ, നെയ്മർ ജൂനിയർ, റോബർട്ടോ ഫിർമിനോ, സാദിയോ മാനെ തുടങ്ങിയ താരങ്ങൾ ഇപ്പോൾ സൗദി ലീഗിലെ ക്ലബുകളിലാണ്. തുടർന്നാണ് സൗദി ക്ലബുകളെ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്.

To advertise here,contact us