'റൊണാള്ഡോയേക്കാള് പ്രതിഫലവുമായി സലാ സൗദിയിലേക്ക്'എന്ന് വാര്ത്തകള്;വില്പ്പനക്കില്ലെന്ന് ക്ലോപ്പ്

സൗദി ക്ലബ്ബില് നിന്ന് വാഗ്ദാനമുണ്ടെന്ന വാര്ത്തകള് സലായുടെ ഏജന്റ് റാമി അബ്ബാസും നേരത്തേ തന്നെ നിഷേധിച്ചിരുന്നു

ലിവര്പൂള്: ഈജിപ്ഷ്യന് സൂപ്പര് താരം മുഹമ്മദ് സലാ സൗദി അറേബ്യന് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന വാര്ത്തകള് നിഷേധിച്ച് ലിവര്പൂള് പരിശീലകന് യര്ഗ്ഗന് ക്ലോപ്പ്. നിലവില് ലിവര്പൂളിനായി ബൂട്ടണിയുന്ന താരത്തെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല് ഇത്തിഹാദാണ് സ്വന്തമാക്കാന് ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്ട്ടുകള് ഉണ്ടായിരുന്നത്. സൗദി ലീഗിലെത്തിയ സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് നല്കുന്നതിനേക്കാള് കൂടുതല് പ്രതിഫലം വാഗ്ദാനം ചെയ്താണ് അല് ഇത്തിഹാദ് സലായെ സമീപിച്ചതെന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് അത്തരത്തില് ഒരു ഓഫറുകളും തങ്ങള്ക്ക് ലഭിച്ചിട്ടില്ലെന്ന് ക്ലോപ്പ് വ്യക്തമാക്കി.

'മുഹമ്മദ് സലായ്ക്ക് വേണ്ടി ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ലിവര്പൂള് താരമാണ്. ക്ലബ്ബിനോട് നൂറുശതമാനം പ്രതിബദ്ധതയുള്ളയാളാണ്. അതിനേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല', ക്ലോപ്പ് വ്യക്തമാക്കി. 'മാധ്യമങ്ങള് പ്രചരിപ്പിക്കുന്ന കഥകളെക്കുറിച്ച് സംസാരിക്കാന് ബുദ്ധിമുട്ടുണ്ട്. കാരണം ഞങ്ങളുടെ കാഴ്ചപ്പാടില് നിന്ന് സംസാരിക്കാനായി ഒന്നുമില്ല', ക്ലോപ്പ് കൂട്ടിച്ചേര്ത്തു. പ്രീമിയര് ലീഗില് ഞായറാഴ്ച നടക്കാനിരിക്കുന്ന ന്യൂകാസില്-ലിവര്പൂള് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി ക്ലബ്ബില് നിന്ന് വാഗ്ദാനമുണ്ടെന്ന വാര്ത്തകള് സലായുടെ ഏജന്റ് റാമി അബ്ബാസും നേരത്തേ തന്നെ നിഷേധിച്ചിരുന്നു. 'ലിവര്പൂളിനോട് സലാ ഇപ്പോഴും കമ്മിറ്റഡാണ്. ഈ വര്ഷം ലിവര്പൂള് വിടാന് ഉദ്ദേശിക്കുന്നുണ്ടെങ്കില് കഴിഞ്ഞ വേനല്ക്കാലത്ത് ക്ലബ്ബുമായുള്ള കരാര് ഞങ്ങള് കരാര് പുതുക്കില്ലായിരുന്നു', എന്നാണ് റാമി സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്.

2017 ജൂലൈയില് സീരി എ ക്ലബ് എഎസ് റോമയില് നിന്നാണ് സലാ ലിവര്പൂളില് എത്തിയത്. ലിവര്പൂള് കുപ്പായത്തില് 307 മത്സരങ്ങളില് നിന്ന് 187 ഗോളുകളാണ് സലാ അടിച്ചുകൂട്ടിയത്. പ്രീമിയര് ലീഗ് കിരീടം, എഫ്എ കപ്പ്, ഇഎഫ്എല് കപ്പ്, ചാമ്പ്യന്സ് ലീഗ് എന്നിവയും ആന്ഫീല്ഡിലെ മറ്റ് പ്രധാന ബഹുമതികളും അദ്ദേഹം നേടി.

To advertise here,contact us