ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ധോണി, ഇനി ചെന്നൈയുടെ ഉപദേഷ്ടാവ്

ഐപിഎലില്‍ അഞ്ച് കിരീടങ്ങളും രണ്ട് ചാാമ്പ്യന്‍സ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്

എം.എസ്. ധോണിയെ ടീമിന്റെ മെന്ററായി (ഉപദേഷ്ടാവ്) നിയമിച്ചതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രഖ്യാപിച്ചു. ഇതോടെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ കളിക്കാരനെന്ന നിലയിലുള്ള കരിയറിന് വിരാമമായി. നിരവധി വിജയങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയും സി.എസ്.കെയുടെ യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച ഈ ഇതിഹാസ മുന്‍ ഇന്ത്യന്‍ നായകന്‍, ഇനി സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത തലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ചുമതല വഹിക്കും.

ചെന്നൈ എന്നും അദ്ദേഹത്തിന്റെ സ്വന്തം വീടായിരിക്കുമെന്ന് ആവര്‍ത്തിച്ച ഫ്രാഞ്ചൈസി, തങ്ങളുടെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ് ധോണിയെന്നും വിശേഷിപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളിലേക്കും (ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സംയുക്ത നേട്ടം) രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളിലേക്കും നയിച്ച ധോണി, ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ്.

'ഒരു യുഗത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന താരം. ഒരു പുതിയ റോള്‍. എന്നെന്നും നിലനില്‍ക്കുന്ന ഒരു ബന്ധം. മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടീം മെന്ററായി ചുമതലയേല്‍ക്കുന്നു! എണ്ണമറ്റ വിജയങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൂടെയും നമ്മുടെ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കുന്ന ഓര്‍മ്മകളിലൂടെയും തുടക്കം മുതല്‍ എം.എസ്. ധോണി നമ്മുടെ യാത്രയുടെ ഹൃദയഭാഗത്തുണ്ടായിരുന്നു. നമ്മളെ വിജയങ്ങളിലേക്ക് നയിച്ചത് മുതല്‍ അടുത്ത തലമുറയിലെ സൂപ്പര്‍ കിംഗ്‌സിന് വഴികാട്ടിയാകുന്നത് വരെ, 'തല' എപ്പോഴും നമ്മുടെ സ്വത്വത്തിന്റെ ഭാഗമായിരിക്കും. ചെന്നൈ എന്നും അദ്ദേഹത്തിന്റെ വീടായിരിക്കും' -സി.എസ്.കെ തങ്ങളുടെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

നായകമികവിന് പുറമെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായും ധോണി കണക്കാക്കപ്പെടുന്നു. 5,314 റണ്‍സുമായി സി.എസ്.കെയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ അദ്ദേഹം, 272 മത്സരങ്ങളില്‍ കളിച്ച് ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ്. അദ്ദേഹത്തിന്റെ അവിസ്മരണീയമായ അവസാന പന്തിലെ ഫിനിഷുകളും തനതായ ഹെലികോപ്റ്റര്‍ ഷോട്ടുകളും സി.എസ്.കെയുടെയും ഐ.പി.എല്ലിന്റെയും ചരിത്രത്തിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

content highlights: MS Dhoni Retires from All Forms of Cricket, Appointed Mentor of Chennai Super Kings

To advertise here,contact us